
സ്വന്തം ലേഖകൻ: വിമാനത്തിൽ കയറുന്നതിനിടെ പലവട്ടം കാലിടറിയ യുഎസ് പ്രസിഡൻ ജോ ബൈഡൻ പൂർണ ആരോഗ്യവാനാണെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച അറ്റ്ലാന്റയിലേക്കു പോകാനായി പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിന്റെ പടികയറുന്പോഴായിരുന്നു സംഭവം. ആദ്യം കാലിടറി വഴുതി വീഴാൻപോയ അദ്ദേഹം മുകളിലേക്കു കയറാൻ ശ്രമിച്ചപ്പോൾ വീണ്ടും വീണു. കുറച്ചു സമയമെടുത്ത് ആയാസപ്പെട്ടാണ് എഴുന്നേറ്റ് പടികയറിയത്.
അവിടെ ശക്തമായ കാറ്റുണ്ടായിരുന്നെന്നും താൻ തന്നെ വീഴാൻ പോയെന്നും വൈറ്റ്ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി കരീൻ ജീൻ പിയർ പ്രതികരിച്ചു. ബൈഡൻ നൂറുശതമാനം ആരോഗ്യവാനാണെന്നും അവർ വ്യക്തമാക്കി. മസാജ് സെന്ററുകളിലെ വെടിവയ്പിന്റെ പശ്ചാത്തലത്തിൽ പരിഭ്രാന്തിയിലായ ഏഷ്യൻ വംശജരെ കാണാനാണ് ബൈഡൻ അന്റ്ലാന്റയിലേക്കു പോയത്.
78 വയസുള്ള ബൈഡൻ യുഎസിൽ അധികാരത്തിലേറുന്ന ഏറ്റവും പ്രായംകൂടിയ പ്രസിഡന്റാണ്. നവംബറിലെ തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ, വളർത്തു നായയുമായി കളിക്കുന്നതിനിടെ അദ്ദേഹത്തിന്റെ കാൽ ഒടിഞ്ഞിരുന്നു. ഒടിഞ്ഞ കാലിന് വിമാനത്തിലെ വീഴ്ചയ്ക്കിടെ വീണ്ടും പരിക്കേറ്റോ എന്നതിൽ വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തത വരുത്തിയിട്ടില്ല.
എട്ടു പേർ കൊല്ലപ്പെട്ട അന്റ്്ലാന്റയിലെത്തിയ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരീസും ഏഷ്യൻ വംശജരെ ആശ്വസിപ്പിച്ചു. വംശീയവിദ്വേഷത്തിന് അമേരിക്കയിൽ സ്ഥാനമില്ലെന്നും പ്രസിഡന്റ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല