
സ്വന്തം ലേഖകൻ: ഓസ്ട്രേലിയൻ സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിൽ ശക്തമായ മഴ തുടരുന്നതിനാൽ സിഡ്നിയിൽനിന്നും ആളുകളെ ഒഴിപ്പിക്കുന്നു. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ ഉത്തരവിട്ടു.
സിഡ്നിയുടെ പ്രധാന ജലസ്രോതസായ വരഗംബ ഡാം വർഷങ്ങൾക്ക് ശേഷം നിറഞ്ഞുകവിഞ്ഞു. ജീവന് ഭീഷണിയാകുന്ന വെള്ളപ്പൊക്കം ഉണ്ടായേക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ന്യൂ സൗത്ത് വെയിൽസിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട നിരവധി പേരെ രക്ഷപെടുത്തിയതായി അധികൃതർ അറിയിച്ചു. പ്രധാന റോഡുകളെല്ലാം അടച്ചിരിക്കുകയാണ്.
താഴ്ന്ന പ്രദേശങ്ങളിലെ സ്കൂളുകളും അടച്ചിരിക്കുകയാണ്. മിനി ടൊര്‍ണാഡോയെന്ന് വിളിക്കപ്പെടുന്ന ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയാണ് സിഡ്നിയിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിലാക്കിയത്.
ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സിലെ 12 ഓളം പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എട്ട് ലക്ഷത്തോളം ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. മഴശക്തമായി തുടരുന്നതിനാല്‍ ഇവിടെ നദി കരകവിഞ്ഞ് ഒഴുകുകയാണ്.
ഒറ്റരാത്രികൊണ്ട് 600 ഓളം കോളുകള്‍ തങ്ങള്‍ക്ക് ലഭിച്ചുവെന്ന് അടിയന്തിര സേവന വിഭാഗം അറിയിച്ചു. അതില്‍ അറുപതോളം ആളുകള്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ടവരായിരുന്നു. റോഡുകളിലും, വീടുകളിലും വെള്ളം ഇരച്ച് കയറുന്നതിന്റെയും മരങ്ങള്‍ കടപുഴകി വീഴുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കനത്ത മഴ ഓസ്ട്രേലിയയുടെ കോവിഡ് വാക്സിന് വിതരണത്തെയും തകിടം മറിച്ചതായാണ് റിപ്പോർട്ടുകൾ. 6 ദശ ലക്ഷം ആളുകള്‍ക്ക് ആദ്യത്തെ വാക്സിന് ഡോസുകള്‍ എത്തിക്കാനുള്ള ആദ്യ ഘട്ട പദ്ധതികളാണ് മഴ കാരണം തടസപ്പെട്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല