
സ്വന്തം ലേഖകൻ: യുകെയിൽ ഹോം സെക്രട്ടറി പ്രീതി പട്ടേലിൻ്റെ “പുതിയ ഇമിഗ്രേഷൻ പ്ലാൻ,“ കുടിയേറ്റ നയത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് റിപ്പോർട്ട്. അഭയാർത്ഥികളോടുള്ള സമീപനം കൂടുതൽ ഉദാരമാക്കുന്നതിൻ്റെ ഭാഗമായി യുദ്ധക്കെടുതികളും പീഡനങ്ങളും കാരണം നാടു വിട്ടോടേണ്ടി വരുന്നവർക്ക് അവർ ബ്രിട്ടീഷ് മണ്ണിൽ എത്തുന്ന നിമിഷം മുതൽ തന്നെ രാജ്യത്ത് തുടരാം.
പ്രീതി പട്ടേൽ അടുത്തയാഴ്ച്ച അവതരിപ്പിക്കാനിരിക്കുന്ന പദ്ധതി കുടിയേറ്റക്കാർക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു. പുതിയ ശുപാർശകൾ അഭയാർഥികളെ യുദ്ധമേഖലകളിലും ലോകത്തെ അസ്ഥിരമായ പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന ഏജൻസികൾ വഴി യുകെയിലേക്ക് വരാൻ പ്രാപ്തമാക്കുമെന്നും പ്രീതി പട്ടേൽ പറഞ്ഞു.
അടിച്ചമർത്തലിനും പീഡനത്തിനും സ്വേച്ഛാധിപത്യത്തിനും വിധേയരായ യഥാർഥ അഭിയാർഥികൾക്ക് ബ്രിട്ടനിൽ അഭയം ഉറപ്പാക്കാൻ സുരക്ഷിതവും നിയമപരവുമായ ഒരു ചട്ടക്കൂട് സ്ഥാപിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വാർത്തയെ ഉദ്ദരിച്ച് വൈറ്റ്ഹാൾ വൃത്തങ്ങൾ പറഞ്ഞു. ഹോങ്കോങ്ങിൽ ചൈന നിയമനിർമാണം പാസാക്കിയതിനുശേഷം ബ്രിട്ടൻ ഹോങ്കോങ്ങുകാർക്ക് നൽകുന്ന പൗരത്വാവകാശമാണ് ഈ പദ്ധതിക്ക് പ്രചോദനമായതെന്ന് കരുതപ്പെടുന്നു.
ബ്രിട്ടന്റെ മുൻ കോളനിയിലെ മൂന്ന് ദശലക്ഷം ആളുകൾക്ക് ബ്രിട്ടീഷ് നാഷണൽ ഓവർസീസ് പദവി നൽകികൊണ്ടാണ് ചൈനയുടെ നീക്കങ്ങൾക്ക് ബ്രിട്ടൻ തടയിട്ടത്. ജനുവരി അവസാനത്തിൽ വിസ പ്രോഗ്രാം മാറ്റങ്ങൾ വരുത്തിയതിന് ശേഷം അയ്യായിരത്തോളം ഹോങ്കോങ് പൗരന്മാർ യുകെയിൽ താമസിക്കാനും ജോലിചെയ്യാനും അപേക്ഷിച്ചിട്ടുണ്ട്. ഇത് മൊത്തം 300,000 ആയി ഉയരുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.
ഹോം സെക്രട്ടറിയുടെ പുതിയ പദ്ധതി കുടിയേറ്റക്കാർക്ക് ആദ്യ ദിവസം മുതൽ മുഴുവൻ റെസിഡൻസി അവകാശങ്ങൾ നൽകും. ദുർബലരായ കുടുംബങ്ങൾക്ക് സംരക്ഷണവും പിന്തുണയും ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള സ്ഥിരതയും ഉറപ്പാക്കും. പ്രതിവർഷം ഒരു ബില്യൺ പൗണ്ട് ചെലവു വരുന്നതും കാലഹരണപ്പെട്ടതുമായ ബ്രിട്ടൻ്റെ കുടിയേറ്റ സംവിധാനത്തിലെ ഏറ്റവും വലിയ മാറ്റമാണിതെന്ന് പ്രീതി പട്ടേൽ വിശേഷിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല