
സ്വന്തം ലേഖകൻ: അൽ ഖൂസിലെ സ്കൂൾ ട്രാൻസ്പോർട്ട് സർവീസ് കമ്പനിയിലെ 25 ജീവനക്കാർചേർന്ന് വാങ്ങിയ ടിക്കറ്റിന് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയർ നറുക്കെടുപ്പിൽ ഏഴു കോടിയിലേറെ രൂപ സമ്മാനം (10 ലക്ഷം യു.എസ് ഡോളർ). ഇവരിൽ ഏറെപ്പേരും ബസ് ഡ്രൈവർമാരാണ്. ലഭിച്ച സമ്മാനത്തുക 25 പേരും വീതിച്ചെടുക്കും.
പ്രവാസി മലയാളിയായ രാഹുൽ കോവിത്തല താഴേവീട്ടിൽ സഹപ്രവർത്തകരുമായി ചേർന്നെടുത്ത ടിക്കറ്റിനാണ് ശനിയാഴ്ച നടന്ന നറുക്കെടുപ്പിൽ ഒന്നാംസമ്മാനം ലഭിച്ചത്. കമ്പനിയിലെ സീനിയർ ഫിനാൻസ് ഓഫീസറാണ് രാഹുൽ. ദുബായ് ഡ്യൂട്ടി ഫ്രീയുടെ 353-ാംമത് മില്ലെനിയം മില്യെനയർ നറുക്കെടുപ്പിൽ 4960 ടിക്കറ്റ് നമ്പറിനാണ് നേട്ടം കൊയ്തത്.
ഫെബ്രുവരി 25-ന് ഓൺലൈൻ വഴിയാണ് രാഹുൽ ടിക്കറ്റെടുത്തത്. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വിജയിക്കുന്ന 178-ാമത് ഇന്ത്യക്കാരാണ് രാഹുലും സംഘവും. 12 വർഷമായി ദുബായിലുണ്ട്. പ്രവാസി മലയാളിയായ സജീവ് കുമാറാണ് സമ്മാനത്തുക പങ്കിടുന്നവരിൽ ഒരാൾ. കമ്പനിയിലെ ട്രാൻസ്പോർട്ട് ഫോർമാനാണ് ഇദ്ദേഹം.
കഴിഞ്ഞ ദിവസം ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാംപ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തിന് ശേഷമാണ് നറുക്കെടുപ്പ് നടന്നത്. കിരീടം ചൂടി റഷ്യന്‍ ടെന്നിസ് താരം അസ് ലന്‍ കറാസേവാണ് 353 സീരീസിലുള്ള 4960 നമ്പര്‍ വിജയ ടിക്കറ്റ് എടുത്തത്. പൊതുവെ രാവിലെ നറുക്കെടുപ്പ് നടക്കാറുള്ളതിനാല്‍ ആ സമയത്ത് സമ്മാനവിവരവുമായി ഫോണ്‍കോള്‍ എത്തിയപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് രാഹുല്‍ പറഞ്ഞു. പിന്നീട് മറ്റൊരു ഫോണ്‍ കോളും ഇ-മെയിലും ലഭിച്ചതായും രാഹുൽ കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല