
സ്വന്തം ലേഖകൻ: യുഎഇയിൽ ആറാഴ്ചത്തേക്കു മുതിർന്നവർക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്ന കോവിഡ് വാക്സീൻ വിതരണം പുനരാരംഭിച്ചു. ഇതിനകം വാക്സീൻ എടുക്കാത്ത 16 വയസ്സിനു മുകളിലുള്ള സ്വദേശികളും വിദേശികളും എത്രയും വേഗം വാക്സീൻ എടുത്ത് സുരക്ഷിതരാകണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു. രാജ്യം കോവിഡ് മുക്തമാകാൻ ദേശീയ വാക്സീൻ ക്യാംപെയ്ൻ ഏറെ സഹായിക്കുന്നുണ്ടെന്നു വ്യവസായ, സാങ്കേതിക മുന്നേറ്റ മന്ത്രി ഡോ. സുൽത്താൻ അൽ ജാബർ പറഞ്ഞു.
ഈ മാസാവസാനത്തോടെ ജനസംഖ്യയുടെ 50% പേർക്കും വാക്സീൻ നൽകാനുള്ള ലക്ഷ്യം രണ്ടാഴ്ചയ്ക്കു മുൻപേ നേടി. വാക്സീൻ വിതരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തുടനീളം 205 കേന്ദ്രങ്ങൾ സജ്ജമാക്കി. ഇവിടങ്ങളിൽ 50 വയസ്സിനു മുകളിലുള്ളവർക്കു ബുക്ക് ചെയ്യാതെ നേരിട്ടെത്തി വാക്സീൻ എടുക്കാം. ഹൃദ്രോഗം, പ്രമേഹം തുടങ്ങി ഗുരുതര രോഗമുള്ളവർക്കും 60 വയസ്സിനു മുകളിലുള്ളവർക്കുമാണ് കഴിഞ്ഞ 6 ആഴ്ചകളിൽ വാക്സീൻ നൽകിയിരുന്നത്.
ഒന്നര മാസത്തിനിടെ ഈ ഗണത്തിൽപെട്ട 72.89% പേർക്കും വാക്സീൻ നൽകിയതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അൽ ഒവൈസ് പറഞ്ഞു. യുഎഇയിൽ 125 രാജ്യക്കാരായ 31,000 പേരിൽ മൂന്നാം ഘട്ട വാക്സീൻ പരീക്ഷണം നടത്തിയ ചൈനയുടെ സിനോഫാം ആണ് വ്യാപകമായി നൽകുന്നത്. ഫൈസർ, സ്പുട്നിക്–5, അസ്ട്ര സെനക എന്നീ വാക്സീനുകളും യുഎഇ അംഗീകരിച്ചിട്ടുണ്ട്. ഇതിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം. ഇതുവരെ 71.81 ലക്ഷം ഡോസ് വാക്സീനാണ് വിതരണം ചെയ്തത്.
ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും (Covid-19 UAE), സ്വകാര്യ ആശുപത്രികളിലൂടെയും ബുക്ക് ചെയ്യാം. അറബിക്, ഇംഗ്ലിഷ്, ഉറുദു ഭാഷകളിൽ ആശയവിനിമയം സാധ്യമാകും. താമസക്കാർ, കുടുംബം, വിദ്യാർഥി, ആരോഗ്യവിഭാഗം, ജോലിക്കാർ, കമ്പനി തുടങ്ങി വിവിധ വിഭാഗങ്ങളിൽ ബുക്ക് ചെയ്യാം. മുതിർന്ന പൗരന്മാർക്കു വീട്ടിലെത്തി വാക്സീൻ നൽകും.
ബുക്ക് ചെയ്യുമ്പോൾ എമിറേറ്റ്സ് ഐഡി, മൊബൈൽ നമ്പർ, താമസിക്കുന്ന എമിറേറ്റ്, കുത്തിവയ്പ് എടുക്കാൻ താൽപര്യമുള്ള ദിവസം, സ്ഥലം, സമയം എന്നിവ കൃത്യമായി ആപ്പിൽ നൽകണം.ബുക്ക് ചെയ്താൽ തിരക്ക് ഒഴിവാക്കാം. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങളും ആപ്പിലൂടെ ലഭിക്കും. സ്വകാര്യ ആശുപത്രികളിലും വാക്സീൻ നൽകുന്നു. വിപിഎസ് ആശുപത്രികളിൽനിന്ന് വാക്സീൻ എടുക്കേണ്ടവർ www.covidvaccineuae.com വെബ്സൈറ്റിൽ ബുക്ക് ചെയ്യണം.800 5546 ഹോട്ട് ലൈനിലും ബന്ധപ്പെടാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല