
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വാക്സിൻ കയറ്റുമതി നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിന് ഇയു നേതാക്കളെ അനുനയിപ്പിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരിട്ട് ഇടപെടുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ ജോൺസൺ ഈ ആഴ്ച യൂറോപ്യൻ യൂണിയൻ നേതാക്കളുമായി ബന്ധപ്പെടുമെന്നാണ് റിപ്പോർട്ട്. വാക്സിൻ കയറ്റുമതി ചെയ്യുന്നത് “നിരോധിക്കാൻ” യൂറോപ്യൻ യൂണിയന് അധികാരമുണ്ടെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ കഴിഞ്ഞ ദിവസം സൂചന നൽകിയത് യുകെ ആശങ്കയോടെയാണ് കാണുന്നത്.
രാജ്യത്ത് വാക്സിനേഷൻ സജീവമായി മുന്നേ റുകയാണെങ്കിലും കയറ്റുമതി നിയന്ത്രണങ്ങൾ മൂലം ഏപ്രിലോടെ യുകെയിൽ വാക്സിൻ ലഭ്യതക്കുറവ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് യുവാക്കൾക്കിടയിലെ വാക്സിനേഷനെ ബാധിക്കുമെന്നും അവധിക്കാല യാത്രാ പദ്ധതികളെ താളം തെറ്റിക്കുമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകി.
അതേസമയം ബ്രിട്ടീഷ്-സ്വീഡിഷ് വാക്സിൻ നിർമ്മാതാക്കളായ ഓക്സ്ഫോർഡ്-അസ്ട്രാസെനെകയിൽ നിന്ന് വാക്സിൻ പ്രതീക്ഷിച്ച വേഗത്തിൽ യൂറോപ്യൻ യൂണിയന് ലഭിക്കുന്നില്ലെന്നുള്ള വികാരം ഇയുവിൽ ശക്തമാണ്. ഈ സാഹചര്യത്തിലാണ് കയറ്റുമതി നിരോധനമെന്ന സാധ്യത തള്ളിക്കളയാൻ യൂറോപ്യൻ യൂണിയൻ കമ്മീഷണർ മൈറേഡ് മക്ഗിനസ് വിസമ്മതിച്ചത്.
മിക്ക ഇയു രാജ്യങ്ങളിലും വാക്‌സിനേഷൻ മന്ദഗതിയിലായത് കൊവിഡ് മൂന്നാം തരംഗത്തിന് കാരണമായിരിക്കുകയാണ്. ഫ്രാൻസും ഇറ്റലിയും പുതിയ ലോക്ക്ഡൗണുകൾ പ്രഖ്യാപിക്കുകയും ചെയ്തു. യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്റ് കൺട്രോൾ പറയുന്നതനുസരിച്ച്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ മുതിർന്നവരിൽ 10% പേർക്ക് മാത്രമാണ് ആദ്യ ഡോസ് വാക്സിൻ നൽകിയിട്ടുള്ളത്. മൊത്തം 54 ദശലക്ഷം ജാബുകൾ ഇതുവരെ നൽകി.
മറുവശത്ത്, യുകെയിലാകട്ടെ 52% ൽ കൂടുതൽ മുതിർന്നവർക്ക് ഒരു ഡോസ് വാക്സിൻ ലഭിച്ചു. ഏകദേശം 30 ദശലക്ഷം ഡോസുകൾ ആകെ വിതരണം ചെയ്യുകയും ചെയ്തു. ഈ അന്തരം യൂറോപ്യൻ യൂണിയൻ നേതാക്കൾ വ്യാഴാഴ്ച നടക്കാനിരിക്കുന്ന വീഡിയോ കോൺഫറൻസിൽ ചർച്ച ചെയ്യുമെന്നാണ് സൂചന.
കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും ലോക്ഡൗണിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ വിദേശ വിനോദ യാത്രകൾക്കുള്ള വിലക്ക് ബ്രിട്ടൻ നീട്ടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ലവിലെ സാഹചര്യത്തിൽ വിദേശ യാത്രകൾക്കുള്ള ബുക്കിങ് ഇപ്പോൾ നടത്തുന്നത് അപക്വമായ നടപടിയാകുമെന്ന് ബ്രിട്ടീഷ് ഡിഫൻസ് സെക്രട്ടറി ബെൻ വാലസ് മുന്നറിയിപ്പു നൽകി.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലേക്കുള്ള വിദേശ ഹോളിഡേ ബുക്കിങ്ങുകൾ ഇപ്പോഴേ നടത്തുന്നത് അവസരോചിതമല്ലാത്തതും അപകടമേറിയതുമായ തീരുമാനമാകുമെന്നാണ് ഡിഫൻസ് സെക്രട്ടറി ബിബിസി അഭിമുഖത്തിൽ വ്യക്തമാക്കിയത്. 27 യൂറോപ്യൻ രാജ്യങ്ങളിൽ ഇരുപതു രാജ്യങ്ങളും കോവിഡിന്റെ മറ്റൊരു തരംഗത്തിന്റെ പിടിയിലുമാണ്. ഈ സാഹചര്യത്തിലാണ് വേനൽക്കാലത്തെ വിനോദയാത്രകൾക്കായി അതിർത്തികൾ തുറന്ന് മറ്റൊരു റിസ്ക് എടുക്കേണ്ടതില്ല എന്ന നിലപാടിലേക്ക് ബ്രിട്ടൻ നീങ്ങുന്നത്.
അതിനിടെ ലോക്ക്ഡൗണിനെതിരേ ശനിയാഴ്ച ലണ്ടനിൽ പ്രതിഷേധപ്രകടനം നടത്തിയ 36 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലോക്ക്ഡൗണിനെതിരേ ഹൈഡ് പാർക്കിൽ സംഘടിച്ച പ്രതിഷേധക്കാർ വൈറ്റ് ഹാളിലേക്കും പാർലമെന്റിലേക്കും മാർച്ച് നടത്തി. നിയന്ത്രണങ്ങൾ ലംഘിച്ചതിനാണു പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു ലോക്ക്ഡൗൺപിൻവലിക്കണമെന്ന് പ്രതിഷേധക്കാർ ആഭ്യന്തര മന്ത്രി പ്രീതി പട്ടേലിനോട് ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല