
സ്വന്തം ലേഖകൻ: ഉത്പാദന മേഖലയുടെ വികസനത്തിന് ‘ഓപ്പറേഷൻ 300 ബില്യൺ’ എന്ന പുതിയ വ്യാവസായിക തന്ത്രം പ്രഖ്യാപിച്ച് യു.എ.ഇ. അടുത്ത 10 വർഷത്തിനുള്ളിൽ ഉത്പാദന മേഖലയുടെ സംഭാവന ദേശീയ സമ്പദ്‌വ്യവസ്ഥയിൽ 133 ബില്യൺ ദിർഹത്തിൽനിന്ന് 300 ബില്യൺ ദിർഹമായി ഉയർത്താനാണ് തീരുമാനം.
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റേതാണ് പ്രഖ്യാപനം. വ്യവസായ നൂതന സാങ്കേതിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷൻ 300 ബില്യൻ യാഥാർഥ്യമാക്കുകയെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. 13,500 വ്യാവസായികകമ്പനികൾ സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുക എന്നതാണ് തന്ത്രത്തിന്റെ ആത്യന്തിക ലക്ഷ്യം.
വരും വർഷങ്ങളിൽ വ്യാവസായിക മേഖലയിലെ ഗവേഷണത്തിനും വികസനത്തിനുമുള്ള ചെലവ് 21 ബില്യൺ ദിർഹത്തിൽനിന്നും 57 ബില്യൺ ദിർഹമായി ഉയർത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ ഉത്‌പന്നങ്ങളെ പിന്തുണയ്ക്കുന്നതിനായി പുതിയ വ്യാവസായിക ഐഡന്റിറ്റി ‘മേയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്’ പുറത്തിറക്കി.
രാജ്യത്ത് നടപ്പാക്കുന്ന പുതിയ വ്യാവസായി കതന്ത്രം പൊതു-സ്വകാര്യ മേഖലകളെ കൂടുതൽ അടുപ്പിക്കുമെന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല