
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്ന യാത്രക്കാരിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത മൂന്ന് വിഭാഗങ്ങളെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽനിന്ന് ഒഴിവാക്കി. രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് രണ്ടാഴ്ചയിൽ കൂടുതലായവർ, വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് അഞ്ച് ആഴ്ചയിലധികം കഴിഞ്ഞവർ, കൊറോണ വൈറസ് ബാധയിൽനിന്ന് മുക്തരായശേഷം വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാഴ്ചയിൽ കൂടുതലായവർ എന്നിവരെയാണ് ഒഴിവാക്കിയത്.
ഇവർ ഏഴു ദിവസത്തേക്ക് ഹോം ക്വാറൻറീൻ അനുഷ്ഠിക്കണം. തുടർന്ന് കൊറോണ വൈറസ് ബാധയില്ല എന്ന് തെളിയിക്കാനായി പി.സി.ആർ പരിശോധന നടത്തണം. വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് നിർബന്ധിത ക്വാറൻറീനിൽ ഇളവു ലഭിക്കാൻ അതത് സർവകലാശാലകൾ നൽകുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മതിയാകും.
കുവൈത്തിൽ ചൊവ്വാഴ്ച മുതൽ കർഫ്യൂ സമയത്തിൽ മാറ്റം. വൈകീട്ട് ആറുമുതൽ പുലർച്ച അഞ്ചുവരെയാണ് പുതിയ സമയം. റസ്റ്റാറൻറ്, കേഫ തുടങ്ങിയവക്ക് വൈകീട്ട് ആറുമുതൽ രാത്രി പത്തുവരെ ഡെലിവറി സർവിസിന് അനുമതി നൽകിയിട്ടുണ്ട്. വൈകീട്ട് ആറുമുതൽ എട്ടുവരെ റെസിഡൻഷ്യൽ ഏരിയക്ക് ഉള്ളിൽ നടക്കാൻ അനുമതിയുണ്ട്.
വാഹനം ഉപയോഗിക്കാനോ റെസിഡൻഷ്യൽ ഏരിയക്ക് പുറത്തുപോകാനോ പാടില്ല. നിലവിൽ വൈകീട്ട് അഞ്ചുമുതൽ പുലർച്ച അഞ്ചുവരെയാണ് രാജ്യത്ത് കർഫ്യൂ പ്രാബല്യത്തിലുള്ളത്. കർഫ്യൂ ആരംഭം അരമണിക്കൂർകൂടി വൈകിപ്പിച്ചതോടെ ജോലിക്ക് പോയി വീടണയാൻ കുറച്ചുകൂടി സാവകാശം കിട്ടും.വൈകീട്ട് അഞ്ചിന് വീട്ടിലെത്തണമെങ്കിൽ നാലിനുതന്നെ ഇറങ്ങേണ്ട സ്ഥിതിയുണ്ടായിരുന്നു. എല്ലാവരും ഒരേസമയത്ത് ജോലികഴിഞ്ഞ് ഇറങ്ങുന്നതിനാൽ റോഡിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു.
ഇതിന് അൽപം അയവുവരുത്താൻ സമയ പരിഷ്കരണംകൊണ്ട് കഴിയും. റസ്റ്റാറൻറുകൾക്കും കേഫകൾക്കും രാത്രി പത്തുവരെ ഡെലിവറി സർവിസിന് അനുമതി നൽകിയതും ആശ്വാസമാണ്. വലിയ പ്രതിസന്ധി അനുഭവിക്കുന്ന റസ്റ്റാറൻറുകൾക്ക് ജീവശ്വാസം പകരും ഇൗ ഇളവ്.രാത്രി എട്ടുവരെ റെസിഡൻഷ്യൽ ഏരിയകളിൽ നടക്കാൻ അനുമതി നൽകിയതിനെയും സന്തോഷത്തോടെയാണ് രാജ്യത്തെ സ്വദേശികളും വിദേശികളും നോക്കിക്കാണുന്നത്.മാർച്ച് ഏഴുമുതലാണ് രാജ്യത്ത് ഭാഗിക കർഫ്യൂ പ്രാബല്യത്തിൽ വന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല