
സ്വന്തം ലേഖകൻ: വികസന മുന്നേറ്റത്തിനു കൂടുതൽ സജ്ജമാകാൻ ദുബായ് ഭരണകൂടത്തിന്റെ പ്രവർത്തന ഘടനയിലടക്കം സമഗ്രമാറ്റം പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വാണിജ്യ-വ്യാപാര ഇടപാട് 1.4 ലക്ഷം കോടി ദിർഹത്തിൽ നിന്ന് 2 ലക്ഷം കോടിയാക്കാനുള്ള പഞ്ചവത്സര പദ്ധതിക്ക് ദുബായ് കൗൺസിൽ യോഗത്തിൽ അംഗീകാരം നൽകി.
സാങ്കേതിക വിദ്യ, വിവിധ സംരംഭങ്ങൾ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ തുടങ്ങിയവയുടെ രാജ്യാന്തര ആസ്ഥാനമായി മാറ്റാനും ലക്ഷ്യമിടുന്നു. ലോകത്തെ 200 നഗരങ്ങളിലേക്കു കൂടി ദുബായിൽ നിന്ന് വിമാന, കപ്പൽ സർവീസുകൾ ആരംഭിക്കും. നിലവിൽ 400 നഗരങ്ങളിലേക്കുണ്ട്.
ദുബായ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പ്രവർത്തന സംവിധാനം പൂർണമായും മാറും. സാമ്പത്തിക രംഗത്ത് തന്ത്രപ്രധാന പങ്കുവഹിക്കുന്ന ചേംബറിന്റെ പ്രവർത്തനം കൂടുതൽ സുഗമവും വിപുലവുമാക്കാൻ ലക്ഷ്യമിട്ടാണിത്.
ദുബായ് സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് 3 വർഷത്തെ തൊഴിൽ കരാർ നൽകും. എല്ലാ ആനുകൂല്യങ്ങളോടും കൂടിയ പാക്കേജുകളാകും ഇവർക്കു ലഭിക്കുക. പ്രവർത്തന മികവു വിലയിരുത്തിയാകും ഇത്. ഭാവിയിലെ വികസനം മുന്നിൽക്കണ്ട് എന്തൊക്കെ ചെയ്യാനാകുമെന്നു ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് മികച്ച അവസരങ്ങളൊരുക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല