1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2021

സ്വന്തം ലേഖകൻ: ജപ്പാന്റെ കടലിന് സമീപം രണ്ട് ബാലിസ്റ്റിക്ക് മിസൈലുകള്‍ ഉത്തരകൊറിയ വിക്ഷേപിച്ചു. ജപ്പാന്‍ പ്രധാനമന്ത്രിയാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചുവെന്നും ജപ്പാന് സമീപം അത് വന്ന് പതിച്ചുവെന്നും അറിയിച്ചത്. ടോക്കിയോ ഒളിമ്പിക്‌സിന് ലോകം തയ്യാറെടുക്കുന്നതിന് മുന്നോടിയായി ഉത്തരകൊറിയയുടെ ഭാഗത്തു നിന്നുണ്ടായ പ്രകോപനപരമായ സമീപനത്തെ ഏറെ ആശങ്കയോടുകൂടിയാണ് ലോകരാഷ്ട്രങ്ങള്‍ നോക്കികാണുന്നത്.

ഉത്തര കൊറിയയുമായി ബന്ധട്ടെ പ്രശ്‌നങ്ങളില്‍ അമേരിക്ക പുതിയ നയം രൂപീകരിക്കുന്നതിനിടയില്‍ നടന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇപ്പോള്‍ ബാലിസ്റ്റിക്ക് മിസൈല്‍ വിക്ഷേപിച്ച ഉത്തരകൊറിയയുടെ അനധികൃത ആയുധ പദ്ധതി അയല്‍ രാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹത്തിനും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് മിലിറ്ററിയുടെ ഇന്തോ-പസഫിക് കമാന്‍ഡ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഉത്തരകൊറിയയുടെ ബാലിസ്റ്റിക്ക് മിസൈല്‍ വിക്ഷേപണത്തില്‍ ജപ്പാന്‍പ്രതിഷേധം അറിയിച്ചു. കിം ജോങ് ഉന്നിന്റെ നടപടി സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ സമിതി പറഞ്ഞു. രാവിലെ ഏഴുമണിയോടു കൂടിയാണ് ഉത്തരകൊറിയയുടെ ആദ്യത്തെ മിസൈല്‍ കണ്ടതെന്ന് ജപ്പാന്റെ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഇത് ഏകദേശം 420 കിലോമീറ്റര്‍ പറന്നുവെന്നാണ് മനസിലാകുന്നതെന്നും അവര്‍ പറഞ്ഞു. ഇതിന് തൊട്ടു പിന്നാലെ ഏകദേശം 20 സെക്കന്‍ഡ് ഗ്യാപ്പില്‍ അടുത്ത മിസൈലും കണ്ടുവെന്നാണ് റിപ്പോര്‍ട്ട്.

ആണവായുധങ്ങള്‍ വഹിക്കാനും അമേരിക്കയില്‍ എവിടെയും എത്തിച്ചേരാനും ശേഷിയുള്ള ബാലിസ്റ്റിക്ക് മിസൈലുകള്‍ ഇതിന് മുന്‍പും ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. നോര്‍ത്ത് കൊറിയയുമായുള്ള നയരൂപീകരണത്തിന്റെ അന്തിമഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് ഉത്തരകൊറിയയുടെ പുതിയ പരീക്ഷണമെന്നത് അമേരിക്കയേയും ആശങ്കയിലാക്കുന്നുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ കൊറിയന്‍ നയവുമായി ബന്ധപ്പെട്ട നയതന്ത്ര പദ്ധതികള്‍ തയ്യാറാക്കാന്‍ ഒരുങ്ങുന്നതിനിടെ രൂക്ഷവിമര്‍ശനവുമായി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് മുന്നോട്ടു വന്നിരുന്നു. ദക്ഷിണ കൊറിയയുമായി സംയുക്ത സൈനിക അഭ്യാസത്തിന് യു.എസ് തയ്യാറെടുക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു കിം യോ ജോങിന്റെ വിമര്‍ശനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.