
സ്വന്തം ലേഖകൻ: റസ്റ്ററന്റുകളുടെയും ഷോപ്പിങ് മാളുകളുടെയും പേരിൽ വെബ്സൈറ്റ് തുടങ്ങി ഇടപാടുകാരുടെ പണം കവരാൻ സൈബർ ക്രിമിനലുകൾ രംഗത്തിറങ്ങിയതോടെ സമൂഹ മാധ്യമങ്ങളിലെ ഓരോ അക്കൗണ്ടും നിരീക്ഷിക്കുന്ന സൈബർ പട്രോളിങ് ഊർജിതമാക്കി.
സംശയകരമായ അക്കൗണ്ടുകൾ കണ്ടെത്താൻ പൊലീസ് നടപടി തുടങ്ങി. വിവിധ എമിറേറ്റുകളിലെ പൊലീസ് സേനകൾ സംയുക്തമായാണ് നീങ്ങുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രമുഖ വ്യക്തികളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ വ്യാപകമാണെന്നും കണ്ടെത്തി. കഴിഞ്ഞവർഷം ഫെബ്രുവരിക്കു ശേഷം സൈബർ ആക്രമണങ്ങൾ 600% വർധിച്ചെന്നാണ് റിപ്പോർട്ട്.
ഇ മെയിൽ ഹാക്ക് ചെയ്യുക, ചില ലിങ്കുകളിലേക്ക് ആകർഷിച്ച് ചതിയിൽപ്പെടുത്തുക തുടങ്ങിയ പ്രവണതകളേറി. വർധിക്കുന്ന സൈബർ വെല്ലുവിളികൾ നേരിടാൻ ഓരോ മേഖലയിലും നിർമിത ബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള പ്രതിരോധമൊരുക്കാനാണ് പദ്ധതി.
റസ്റ്ററന്റുകളുടെയും മാളുകളുടെയും പേരിൽ ചതിയിൽപ്പെട്ട് പലർക്കും അക്കൗണ്ടിൽ നിന്നു വലിയതോതിൽ പണം നഷ്ടപ്പെട്ടെന്നാണ് പരാതി. കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ ഇടപാടുകൾ വ്യാപകമായതോടെയാണ് തട്ടിപ്പുകാർ സജീവമായത്. ഓരോ ഇടപാടു നടത്തുമ്പോഴും ജാഗ്രത പുലർത്തണമെന്ന് ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകി.
ബാങ്ക് വിവരങ്ങൾ ചോർത്തുക, ഭീഷണിപ്പെടുത്തുക, സഹായം വാഗ്ദാനം ചെയ്യാനെന്ന പേരിൽ സമീപിക്കുക തുടങ്ങിയവയാണ് പ്രധാന തട്ടിപ്പുരീതികൾ. ഇരകളുടെ ബാങ്ക് വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ്. ഫോൺ കോളുകൾ, എസ്എംഎസ്, വാട്സാപ്, ഇ-മെയിൽ എന്നിവയിൽ ജാഗ്രത പുലർത്തണം. താഴ്ന്ന വരുമാനക്കാരെയും കുടുംബമായി താമസിക്കുന്നവരെയുമാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും പൊലീസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല