
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ സ്കൂളിലെ കുട്ടികൾക്ക് സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷ കുവൈത്തിൽ തന്നെ എഴുതാം. സ്വകാര്യ സ്കൂളുകളിൽ ഫൈനൽ പരീക്ഷ നടത്തുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. മേയ് 4 മുതൽ ജൂൺ 11 വരെയാണ് സിബിഎസ്‌ഇ പരീക്ഷ.
അതേസമയം പത്താം ക്ലാസ് പരീക്ഷ സ്കൂളുകളിൽ നടത്തുന്നതിന് അനുമതിയായിട്ടില്ല. സാങ്കേതികമായ കാരണങ്ങൾ പരിഹരിച്ച് വൈകാതെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സെപ്റ്റംബറിൽ മാത്രമേ സ്കൂൾ തുറക്കൂ. അതിനിടെ പരീക്ഷ നടത്തുന്നതിന് ഉൾപ്പെടെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതിയില്ല.
വിദ്യാലയങ്ങൾ പ്രവർത്തിക്കാത്തതും പരീക്ഷയ്ക്ക് അനുമതിയില്ലാത്തതും കുട്ടികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരുന്നു. ബദൽ സംവിധാനം എന്ന നിലയിൽ ഇന്ത്യയിലെ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാൻ സൗകര്യം നൽകാമെന്ന് സിബിഎസ്‌ഇ വ്യക്തമാക്കിയിരുന്നു.
അതേസമയം വിമാന സർവീസ് അവതാളത്തിലായതിനാൽ പരീക്ഷയെഴുതാൻ നാട്ടിൽ പോകുന്നതിന്റെ ബുദ്ധിമുട്ടും കുടുംബങ്ങൾ നേരിട്ടു. ഇന്ത്യയിലെയും കുവൈത്തിലെയും അധികൃതരുമായി സ്കൂളുകളും രക്ഷിതാക്കളും സംഘടനകളും നിരന്തരം ബന്ധപ്പെട്ടിരുന്നു. ന്ത്യൻ എംബസിയും കുവൈത്ത് അധികൃതരിൽ സമ്മർദം ചെലുത്തി. ഇതേ തുടർന്നാണ് വാർഷിക പരീക്ഷ സ്കൂളുകളിൽ നടത്താൻ അനുമതി നൽകി വിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ വിദ്യാഭ്യാസ വിഭാഗം അസി.അണ്ടർസെക്രട്ടറി ഡോ.അബ്ദുൽ മുഹ്സിൻ ഹാദി അൽ ഹുവൈലെ ഉത്തരവിറക്കിയത്.
പരീക്ഷ നടത്തിപ്പിന് മന്ത്രാലയം ചില നിബന്ധനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യാന്തര വിദ്യാഭ്യാസ സംവിധാനങ്ങളുടെ പരീക്ഷ നടത്തിപ്പിന് സ്വകാര്യവിദ്യാഭ്യാസ വകുപ്പ് പൊതുഭരണ വിഭാഗത്തിന്റെ മുൻകൂർ അനുമതി നേടണം. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിനൊപ്പം നടപ്പാക്കുന്നതിന് പ്രത്യേക ടീമിനെയും നിയോഗിക്കണം.
പ്രതിരോധ നടപടികൾ ഉറപ്പാക്കുന്നതിനുള്ള കാര്യങ്ങളും പരീക്ഷാ ടൈംടേബിളും പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണവും കൃത്യമായി രേഖപ്പെടുത്തിയ അപേക്ഷ സ്കൂൾ സമർപ്പിക്കണം. പരീക്ഷാ കാലത്തിന് മുൻപും ഇടവേളകളിലും നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാകും ഓരോ സ്കൂളിനും അനുമതി നൽകുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല