1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2021

സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഖത്തറിൽ ഇന്നു മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിലാകും. ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണവും വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണവും വർധിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിലവിലെ നിയന്ത്രണങ്ങൾ കൂടാതെയാണ് കൂടുതൽ മേഖലകളിലെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തിയത്.

സർക്കാർ, സ്വകാര്യ മേഖലകളിലെ ഓഫിസ് യോഗങ്ങളിൽ പരമാവധി 5 പേർക്ക് മാത്രം പങ്കെടുക്കാം. വീടുകളുടെയും മജ്‌ലിസുകളുടെയും അകത്ത് ഒത്തുചേരൽ പാടില്ല. പുറത്ത് 5 പേർക്ക് ഒത്തുചേരാം. അകം വേദികളിലും പുറംവേദികളിലും വിവാഹ പാർട്ടികൾ പാടില്ല. പാർക്കുകൾ, ബീച്ചുകൾ തുടങ്ങിയ പൊതു സ്ഥലത്ത് പരമാവധി 2 പേർക്ക് മാത്രമേ ഒത്തുകൂടാൻ അനുമതിയുള്ളുവെങ്കിലും ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് വ്യവസ്ഥ ബാധകമല്ല.

സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്ക് 70 ശതമാനം ശേഷിയിൽ മാത്രം പ്രവർത്തിക്കാം. വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളിൽ ഓൺലൈൻ പഠനം മാത്രമേ പാടുള്ളു. ഭിന്നശേഷി കേന്ദ്രങ്ങളിൽ വ്യക്തിഗത സെഷനുകൾ മാത്രം. ഡ്രൈവിങ് സ്‌കൂളുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കില്ല.

ഷോപ്പിങ് മാളുകളുടെ ശേഷി 30 ശതമാനമാക്കി. ഫുഡ് കോർട്ടുകളിൽ പിക്ക്-അപ്പ് സേവനങ്ങൾ മാത്രം. പരമ്പരാഗത സൂഖുകളുടെയും ഹോൾ സെയിൽ മാർക്കറ്റുകളുടെയും പ്രവർത്തനശേഷി 30 ശതമാനമാക്കി. ഹോൾസെയിൽ മാർക്കറ്റുകൾ, സൂഖുകൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനമില്ല. തിരഞ്ഞെടുക്കപ്പെട്ട സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, വ്യാപാരമേളകൾ എന്നിവയ്ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നിർബന്ധം.

സിനിമ തിയറ്ററുകളുടെ പ്രവർത്തനശേഷി 20 ശതമാനമാക്കി കുറച്ചു. 18 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനമില്ല. ജിംനേഷ്യങ്ങൾ തുറക്കില്ല. സോന, സ്റ്റീം മുറികൾ, ജക്കൂസികൾ, മസാജ് സേവനങ്ങൾ, മൊറോക്കൻ, തുർക്കിഷ് ബാത്ത് എന്നിവ പ്രവർത്തിക്കില്ല. തീം പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ, അകം, പുറം വേദികളിലെ നീന്തൽ കുളങ്ങൾ, വാട്ടർ പാർക്കുകൾ എന്നിവ അടയ്ക്കും. ലൈബ്രറികൾ, മ്യൂസിയങ്ങൾ എന്നിവയുടെ ശേഷി 30 ശതമാനമാക്കി.

ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് ഒഴികെ മറ്റാർക്കും ടൂറിസ്റ്റ്, ഉല്ലാസ ബോട്ടുകൾ വാടകയ്ക്ക് കൊടുക്കാൻ പാടില്ല. ദോഹ മെട്രോയുടെയും കർവ ബസുകളുടെയും ശേഷി വാരാന്ത്യങ്ങളിൽ 20 ശതമാനമാക്കി. ബബിൾ സംവിധാനത്തിലുളള പ്രാദേശിക, രാജ്യാന്തര ടൂർണമെന്റുകളിൽ മാത്രം കായിക ടീമുകൾക്ക് പരിശീലനം ആകാം. പ്രാദേശിക, ഇന്റർനാഷനൽ കായിക പരിപാടികൾക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വേണം.

വ്യാപനം പ്രതിരോധിക്കാൻ പൊതുജനങ്ങൾ കോവിഡ് ബബിൾ സംവിധാനം സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. പരിമിതമായ എണ്ണം ആളുകളെ പതിവായി കാണുന്ന ഒരു കൂട്ടം ആളുകൾ മറ്റ് കുടുംബങ്ങൾ, ഗ്രൂപ്പുകൾ എന്നിവരുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്നതാണ് കോവിഡ് ബബിൾ സംവിധാനം കൊണ്ട് അർഥമാക്കുന്നത്.

പതിവായി കാണുന്ന സുഹൃത്തുക്കളും ഇതേ രീതി പിന്തുടർന്നാൽ അവർക്ക് മറ്റ് ആളുകളുമായി സമ്പർക്കം ഇല്ലാതെയാകുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം കോവിഡ് ദേശീയ ഹെൽത്ത് സ്ട്രാറ്റജിക് അധ്യക്ഷൻ ഡോ.അബ്ദുല്ലത്തീഫ് അൽഖാൽ വ്യക്തമാക്കി. അനാവശ്യമായ യാത്രകളും സന്ദർശനങ്ങളും ഒഴിവാക്കി സുഹൃത്തുക്കളെയും ബന്ധുക്കളെയും അപകട സാധ്യതയിൽ നിന്നും ഒഴിവാക്കാം.

ബബിൾ സംവിധാനം നടപ്പാക്കുന്നതിലൂടെ പതിവായി കാണുന്ന ആളുകളുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം സംവദിക്കാൻ താൽപര്യമുള്ള ആളുകളുടെ എണ്ണം വിപുലീകരിക്കുകയും ചെയ്യാം. രണ്ടോ മൂന്നോ വീടുകളെ ഉൾപ്പെടുത്തി ഏകദേശം 10 പേർ ഉൾപ്പെടുന്ന ബബിൾ സംവിധാനം ഫലപ്രദമാണെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. വീടിന് പുറത്തിറങ്ങിയാൽ ഫെയ്‌സ് മാസ്‌ക് നിർബന്ധമാക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.