
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം പൂർത്തിയായ ഇസ്രായേൽ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹുവിന് കേവല ഭൂരിപക്ഷം നൽകാതെ ത്രിശങ്കുവിൽ നിർത്തിയപ്പോൾ പിൻഗാമിയെ ചൊല്ലിയാണ് രാജ്യത്തെ പ്രധാന ചർച്ച. ‘റാം’ എന്ന് ഹിബ്രുവിൽ വിളിക്കുന്ന യുനൈറ്റഡ് അറബ് ലിസ്റ്റ് (യു.എ.എൽ) കക്ഷി അഞ്ചു സീറ്റേ നേടിയിട്ടുള്ളൂവെങ്കിലും 120 അംഗ നെസ്സറ്റിൽ അവരുടെ തീരുമാനം നിർണായകമാകും.
പലസ്തീനി- ഇസ്രായേലി കക്ഷിയായ യു.എ.എല്ലിനെതിരെ പരസ്യ നിലപാടുമായി രംഗത്തുനിന്നയാളാണ് നെതന്യാഹു. പ്രചാരണ ഘട്ടത്തിൽ തീവ്രവാദ അനുഭാവികൾ എന്നായിരുന്നു വിളിച്ചിരുന്നതും. എന്നാൽ, ഫലം ഏറെക്കുറെ പൂർത്തിയായിട്ടും നെതന്യാഹുവിന്‍റെ സഖ്യത്തിന് 61സീറ്റ് തികക്കാനായിട്ടില്ല. എതിരാളികൾക്കും താരതമ്യേന പിറകിലാണ് സീറ്റു നില.
അതോടെ, ആര് സർക്കാർ രൂപവത്കരിച്ചാലും യു.എ.എൽ നേതാവ് മൻസൂർ അബ്ബാസിന്‍റെ ‘കാരുണ്യ’ത്തിലാണ്. അദ്ദേഹവും തന്‍റെ കക്ഷിയും ഒരു സഖ്യത്തെയും തുണച്ചില്ലെങ്കിൽ രാജ്യം രണ്ടു വർഷത്തിനിടെ അഞ്ചാം തെരഞ്ഞെടുപ്പിലേക്ക് നീങ്ങും. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന് കനത്ത വെല്ലുവിളി ഉയർത്തിയ ജോയിന്‍റ് ലിസ്റ്റ് എന്ന അറബ് സഖ്യം ഇത്തവണ വഴി പിരിഞ്ഞിരുന്നു. അതിന്‍റെ ഭാഗമായിരുന്ന യു.എ.എൽ ആണ് അവസാന തെരഞ്ഞെടുപ്പിൽ അഞ്ചു സീറ്റ് നേടിയത്.
എന്നാൽ, മുമ്പു സംഭവിച്ച പോലെ പ്രതിപക്ഷത്തുനിന്ന് ആളെ ചാടിച്ച് ഭരണം പിടിക്കാമെന്നാണ് നെതന്യാഹുവിന്‍റെ കണക്കുകൂട്ടൽ. 93 ലക്ഷം ജനസംഖ്യയുള്ള ഇസ്രായേലിൽ 20 ശതമാനമാണ് അറബ് ജനസംഖ്യ. പൗരത്വവും ഹീബ്രു ഭാഷ ജ്ഞാനവും ഉള്ളവരായതിനാൽ വിവിധ മേഖലകളിൽ അവരുടെ സേവനവും സാന്നിധ്യവും ശക്തവുമാണ്. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും പലസ്തീനികളുമായി അവർ ശക്തമായ ബന്ധവും നിലനിർത്തുന്നു.
മറുവശത്ത് എങ്ങനെയും അധികാരം പിടിക്കലാണ് നെതന്യാഹുവിന്‍റെ ലക്ഷ്യം. അധികാരം നഷ്ടമായാൽ തന്നെ കാത്ത് നിരവധി അഴിമതി കേസുകൾ കാത്തുകെട്ടി കിടപ്പുെണ്ടന്നത് അദ്ദേഹത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. നെതന്യാഹുവിന്‍റെ ലിക്കുഡ് പാർട്ടിക്ക് 30 സീറ്റ് ഉണ്ട്. കഴിഞ്ഞ തവണ ഇത് 36 ആയിരുന്നു. പ്രതിപക്ഷമായ യെഷ് അതീദിന് 17 സീറ്റേയുള്ളൂ. സഖ്യകക്ഷികളുടെ കരുത്തിലാണ് ഇരു പാർട്ടികളും അധികാരം സ്വപ്നം കാണുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല