
സ്വന്തം ലേഖകൻ: സാങ്കേതിക രംഗത്തെ സമഗ്ര മാറ്റത്തിന്റെ ഭാഗമായി അബുദാബി നിരത്തുകളില്‍ ഈ വര്‍ഷം ഡ്രൈവര്‍ രഹിത ടാക്‌സികള്‍ ഓട്ടമാരംഭിക്കും. മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ് ജി-42 ഗ്രൂപ്പിന്റെ ഭാഗമായ ബയാനത്തുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിങ് മാളുകള്‍, യാസ് ഐലന്‍ഡിലെ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രാഥമിക ഘട്ടത്തില്‍ ഡ്രൈവര്‍രഹിത ടാക്‌സികള്‍ സര്‍വീസ് നടത്തുക.
രണ്ടാംഘട്ടത്തില്‍ പത്തിലധികം സ്വയം നിയന്ത്രിത വാഹനങ്ങള്‍ അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തും. 2021 അവസാനത്തോടെ പരീക്ഷണഘട്ടത്തിന് തുടക്കമാവും. ആദ്യ രണ്ടുഘട്ടങ്ങളിലെ യാത്രകള്‍ സൗജന്യമായിരിക്കും. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് സര്‍വീസുകളുണ്ടാവുക. സ്വയം നിയന്ത്രിത വാഹനമാണെങ്കിലും ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പ്രാരംഭഘട്ടത്തില്‍ ഡ്രൈവര്‍സീറ്റിലുണ്ടാവും.
ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാറുകള്‍ സംഭവിച്ചാല്‍ പരിഹരിക്കുന്നതിനായാണിത്. അതിനൂതന സുരക്ഷാ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയാണ് വാഹനം നിരത്തിലിറക്കുക. ഗതാഗത മേഖലയുടെ തലവര മാറ്റുന്ന പദ്ധതിക്കാണ് ഇതിലൂടെ തുടക്കം കുറിക്കുന്നതെന്ന് ബയാനത് സി.ഇ.ഒ. ഹസന്‍ അല്‍ ഹൊസാനി പറഞ്ഞു. ഊര്‍ജ ഉപഭോഗം കുറച്ച് സുരക്ഷയുറപ്പാക്കി ഗതാഗതകുരുക്കിന് സമഗ്ര പരിഹാരം കണ്ടെത്താന്‍ ഇതിലൂടെ കഴിയും.
നിര്‍മിത ബുദ്ധി, നൂതന മാപ്പിങ് എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. സ്വയം നിയന്ത്രിത ഗതാഗത സംവിധാനമെന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യു.എ.ഇ തുടക്കം കുറിച്ചിട്ട് ദീര്‍ഘനാളായി. 2016-ല്‍ പ്രഖ്യാപിച്ച അജന്‍ഡ പ്രകാരം 2030-ഓടെ യു.എ.ഇയുടെ ഗതാഗത സംവിധാനങ്ങളില്‍ 25 ശതമാനവും സ്വയം നിയന്ത്രിത വാഹനങ്ങളായിരിക്കുമെന്ന് വിശദമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല