
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ കോവിഡ് ഇളവുകൾ ആഘോഷിക്കാൻ ഒത്തുകൂടുന്ന ആൾക്കൂട്ടങ്ങൾക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ ഔട്ട്ഡോർ സ്പോർട്ട്സുകൾക്കും ആറു പേരടങ്ങുന്ന ഗ്രൂപ്പുകൾക്കോ രണ്ടു വീടുകളിലുള്ളവർക്കോ പുറത്ത് ഒരുമിച്ച് കൂടാൻ അനുവാദം നൽകിയിരുന്നു.
എന്നാൽ നിയമത്തിൽ ഇളവ് വന്നതോടെ പാർക്കുകളിലും പൊതുസ്ഥലങ്ങളിലും നിയന്ത്രണങ്ങൾ ലംഘിച്ച് വൻ ആൾക്കൂട്ടങ്ങൾ രൂപപ്പെട്ടു. പത്തും ഇരുപതും പേരടങ്ങുന്ന സംഘങ്ങളാണ് പലയിടങ്ങളിലും തെളിഞ്ഞ കാലാവസ്ഥയിൽ ഒത്തുകൂടിയത്. തിങ്കളാഴ്ച മുതൽ സർക്കാറിന്റെ ‘സ്റ്റേ അറ്റ് ഹോം’ ഉത്തരവ് ‘സ്റ്റേ ലോക്കൽ“ എന്നാക്കി മാറ്റിയതും ജനങ്ങൾ പരമാവധി മുതലാക്കി.
അതിനിടെ സ്പ്രിംഗ് ഹീറ്റ് വേവിലേക്ക് കടന്ന ഇംഗ്ലണ്ടിൽ തിങ്കളാഴ്ച താപനില 66.2 എഫ് (24 ഡിഗ്രി സെൽഷ്യസ്) തൊട്ടു. അതിനാൽ പാർക്കുകളിലും മറ്റും ബിയർ പാനീയങ്ങളുമായാണ് ആളുകൾ എത്തിയത്. തിങ്കളാഴ്ച മുതലുള്ള ചിത്രങ്ങൾ ജനങ്ങൾ ഇളവുകൾ എങ്ങനെയെല്ലാം ദുരുപയോഗം ചെയ്തുവെന്ന് കാണിക്കുന്നതായി പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
ചെറുപ്പക്കാർ കൂട്ടത്തോടെ എത്തിയ നോട്ടിംഗ്ഹാം സിറ്റി സെന്ററിലെ അർബോറേറ്റം, കേംബ്രിഡ്ജിലെ ലാമസ് ലാൻഡ് എന്നിവിടങ്ങളിൽ പാർട്ടികൾക്ക് സമാനമായ അന്തരീക്ഷമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
“നമ്മൾ കൈവരിച്ച പുരോഗതിയെ അപകടപ്പെടുത്തരുത്,“ എന്നായിരുന്നു പൊതുജനങ്ങളോടുള്ള പ്രധാനമന്ത്രി ബോ റിസ് ജോൺസൻ്റെ മുന്നറിയിപ്പ്. സാമൂഹ്യ അകലം പാലിക്കുന്നത് കർശനമായി തുടരേണ്ടത് അത്യാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ ഒത്തുചേരലുകൾക്ക് മുൻകൈയെടുക്കുന്ന സംഘാടകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പോലീസും മുന്നറിയിപ്പ് നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല