
സ്വന്തം ലേഖകൻ: തലസ്ഥാന നഗരിയിൽ കോവിഡ് പിടിമുറുക്കുന്നു. മരണസംഖ്യ ഉയരുന്നത് ആശങ്കക്കിടയാക്കുന്നു. ഓരോ മണിക്കൂറിലും 10 കോവിഡ് രോഗികൾ വീതം മരണത്തിന് കീഴടങ്ങുന്നതായി റിപ്പോർട്ട്. സ്ഥിതി ഗുരുതരമായതോടെ ഡല്‍ഹിയില്‍ ഒരാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ മാത്രം 240 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 26.12 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കോവിഡ് ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 823 പേരാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഞായറാഴ്ചയാണ് രാജ്യ തലസ്ഥാനത്തെ കോവിഡ് കേസുകളില്‍ ഏറ്റവും വർധന രേഖപ്പെടുത്തിയത്. 25,462 പേർക്ക് രോഗം ബാധിച്ചു. 161 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
കോവിഡ് വ്യാപാനം രൂക്ഷമായ മഹാരാഷ്ട്രയില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. പലചരക്ക്, പച്ചക്കറി, പാല്, പഴം, ബേക്കറി കടകള്‍ നാലു മണിക്കൂര്‍ മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി. രാവിലെ 7-11 വരെയാണ് ഷോപ്പുകള്‍ പ്രവര്‍ത്തിക്കുക. രാവിലെ 7 മുതല്‍ രാത്രി 8 മണിവരെ ഹോം ഡെലിവറിയും അനുവദനീയമാണ്.
ഭക്ഷണവും മറ്റ അവശ്യ സാധനങ്ങളും വാങ്ങുന്നതിന് എന്ന പേരില്‍ ജനങ്ങള്‍ പകല്‍ മുഴുവന്‍ തെരുവില്‍ ഇറങ്ങി നടക്കുന്നതും മാര്‍ക്കറ്റുകളിലെ തിരക്കും പരിഗണിച്ചാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളും മരണവും റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്ത 68,631 ആണ് ഏറ്റവും സംഖ്യ. ഇന്നലെ 58,924 പേര്‍ക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചു. 351 പേര് മരണമടഞ്ഞിരുന്നു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,59,170 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,761 പേര് കൂടി മരിച്ചു. 1,54,761 പേര് ഇന്നലെ രോഗമുക്തരായെങ്കിലും നിലവില്‍ ചികിത്സയിലുള്ളത് 20,31,977 പേരാണ്. ആകെ 1,53,21,089 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1,31,08,582 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 1,80,530 പേര് മരണമടഞ്ഞു. രാജ്യത്ത് ഇതുവരെ 26,94,14,035 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 15,19,486 ടെസ്റ്റുകള്‍ നടത്തിയെന്ന് ഐ.സി.എം.ആര് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി രണ്ട് ലക്ഷത്തിനു മുകളിലാണ് പ്രതിദിന രോഗികള്‍.
വാക്സിനേഷന് നിരക്ക് കൂട്ടുന്നതിലാണ് രാജ്യം ഏറെ ശ്രദ്ധചെലത്തുന്നത്. വാക്സിന് നിര്‍മ്മാതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് ആറ് വീഡിയോ കോണ്‍ഫറന്‍സ് വിളിച്ചിട്ടുണ്ട്. ഇന്നലെ ഡോക്ടര്‍മാരുമായും ഫാര്‍മ കമ്പനികളുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. വാക്സിന് നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റിയുട്ട്, ഭാരത് ബയോടെക് എന്നിവയ്ക്ക് കേന്ദ്രം ഇന്നലെ 4,500 കോടി രൂപ അനുവദിച്ചിരുന്നു. അതിനിടെ, റഷ്യയില്‍ നിന്നുള്ള സ്പുട്നിക് വാക്സിന് ആദ്യ ബാച്ച് പത്തു ദിവസത്തിനകം ഇന്ത്യയിലെത്തും. മേയ് മാസത്തോടെ സ്പുട്നിക് ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങും. പ്രതിമാസം അഞ്ച് കോടി ഡോസ് നിര്‍മ്മിക്കാനാണ് ലക്ഷ്യമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ബാല വെങ്കടേശ് വര്‍മ്മ പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല