1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2021

സ്വന്തം ലേഖകൻ: ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി യുകെ; യാത്രാ വിലക്ക് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യയിലെ പുതിയ കോവിഡ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് 23ാം തിയതി വെള്ളിയാഴ്ച മുതൽ ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്ന് ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് അറിയിച്ചു. ഇതോടെ ഇന്ത്യയിൽനിന്നും ബ്രിട്ടനിലേക്കുള്ള യാത്രാനുമതി ബ്രിട്ടീഷ് പാസ്പോർട്ട് ഉള്ളവർക്കും ബ്രിട്ടനിൽ താമസിക്കാൻ നിലവിൽ അനുമതിയുള്ളവർക്കും മാത്രമാകും.

ഇന്ത്യയിലുള്ള ഐറിഷ് പാസ്പോർട്ട് ഹോൾഡർമാർക്കും യാത്രാനുമതിയുണ്ടാകും. ടൂറിസ്റ്റ് വീസകൾ, പുതിയ സ്റ്റുഡന്റ് വീസകൾ, വർക്ക് പെർമിറ്റ് വിസകൾ തുടങ്ങിയവയെയാണ് വിലക്ക് പ്രധാനമായും ബാധിക്കുക. കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ ഇന്ത്യയിലൂടെ സന്ദർശനം നടത്തിയിട്ടുള്ളവർക്കും വിലക്ക് ബാധകമാകും.യാത്രാനുമതിയിൽ ഇളവ് ലഭിച്ച് ബ്രിട്ടനിലെത്തുന്നവർ പത്തുദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീന് വിധേയരാകണം. ഇതിനായി ഭാരിച്ച തുകയാണ് ഓരോ യാത്രക്കാരനും നൽകേണ്ടത്.

1750 പൗണ്ടാണ് ഒരു യാത്രക്കാരൻ ഹോട്ടൽ ക്വാറന്റീനായി നൽകേണ്ടത്. താമസച്ചിലവ്, ഭക്ഷണം, വിമാനത്താവളത്തിൽനിന്നും ഹോട്ടലിലേക്കുള്ള യാത്രാചിലവ്, രണ്ട്, എട്ട് ദിവസങ്ങളിൽ നടത്തേണ്ട പിസിആർ ടെസ്റ്റിനുള്ള ചെലവ് എന്നിവ ചേർത്തുള്ള തുകയാണിത്. കുടുംബമായി എത്തുന്നവർ 12 വയസിനു മുകളിലുള്ള ഓരോ യാത്രക്കാരനും 650 പൗണ്ടുവീതം അധികമായി നൽകണം. അഞ്ചു വയസിനും 12 വയസിനും മധ്യേയുള്ളവർക്ക് 325 പൗണ്ടും അധികം നൽകേണ്ടതുണ്ട്. അഞ്ചുവയസിൽ താഴെയുള്ളവർക്ക് ഹോട്ടൽ ക്വാറന്റീൻ സൗജന്യമാണ്.

പത്തുദിവസത്തിൽ കൂടുതൽ ഹോട്ടലിൽ താമസിക്കേണ്ട സ്ഥിതിയുണ്ടായാൽ ഓരോദിവസവും 152 പൗണ്ടുവീതം അധികം നൽകണം. കൂടെയുള്ളവർക്ക് അധികമായി നൽകേണ്ടത് 41 പൗണ്ടാണ്. കുട്ടികൾക്ക് 12 പൗണ്ടും. ബ്രിട്ടനിലേക്കുള്ള യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൾട്ട് കൈയിൽ കരുതണം. യാത്ര പുറപ്പെടുന്നതിനു മുമ്പേ ഹോട്ടൽ ക്വാറന്റീനുള്ള ബുക്കിംങ് നടത്തി ഇതിന്റെ റഫറൻസ് നമ്പർ പാസഞ്ചർ ലൊക്കേറ്റർ ഫോമിൽ രേഖപ്പെടുത്തണം.

Gov.uk എന്ന സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ബുക്കിംങ്ങ് നടത്തേണ്ടതും പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിച്ച് സമർപ്പിക്കേണ്ടതും. ക്വാറന്റീൻ നിബന്ധനകൾ ലംഘിച്ചാൽ പതിനായിരം പൗണ്ട് പിഴയും പത്തുവർഷം വരെ ജയിൽശിക്ഷയും ലഭിക്കാം. ബ്രിട്ടനിലെ ഹീത്രു, ഗാട്ട്വിക്ക്, ലണ്ടൻ സിറ്റി, ബർമിംങ്ങാം, ഫാരൻബറോ എന്നീ വിമാനത്താവളങ്ങളിലേക്കു മാത്രമേ റെഡ് ലിസ്റ്റിലുള്ളവർ യാത്ര നടത്താവൂ. അല്ലാത്തപക്ഷം 4000 പൗണ്ട് പിഴ നൽകേണ്ടി വരും.

മാത്രമല്ല പിഴയോടൊപ്പം ഈ വിമാനത്താവളത്തിൽനിന്നും ക്വാറന്റീൻ സൗകര്യമുള്ളിടത്തേക്കുള്ള യാത്രക്കൂലിയും ഈടാക്കും. ഇരുപതിലേറെ ആഫ്രിക്കൻ രാജ്യങ്ങളും 14 ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളുമടക്കം നാൽപതിലേറെ രാജ്യങ്ങളാണ് ഇപ്പോൾ ബ്രിട്ടന്റെ റെഡ് ലിസ്റ്റിലുള്ളത്. അടുത്തയാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലേക്കു നടത്താനിരുന്ന ഔദ്യോഗിക സന്ദർശനം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.