1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2021

സ്വന്തം ലേഖകൻ: സൗദിയിലേയ്ക്കുള്ള വിമാന സർവീസുകൾ മേയ് 7 മുതൽ തുടങ്ങും. എന്നാൽ ഇന്ത്യ ഉൾപ്പെടെ പ്രത്യേക പട്ടികയിലുള്ള 20 രാജ്യങ്ങൾ അതിൽ ഉൾപ്പെടില്ലെന്നു സൗദിയ അധികൃതർ വ്യക്തമാക്കി. മാർച്ച് 31 ന് തുറക്കേണ്ടിയിരുന്ന സർവീസുകളാണു മേയിലേക്ക് നീട്ടി വച്ചത്. മേയ് 7ന് പുലർച്ചെ ഒന്നു മുതൽ സൗദിയിലേക്കുള്ള മൂന്നു മാർഗങ്ങളിലൂടേയും പ്രവേശനാനുമതി ഉണ്ടാകും.

ഫെബ്രുവരി ഒന്നിനാണു സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക സൗദി വികസിപ്പിച്ചത്.ഈ രാജ്യങ്ങളിൽ നിന്നു നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് അതേപടി തുടരുമെന്നാണു ചോദ്യത്തിന് മറുപടിയായി സൗദിയ അധികൃതർ നൽകിയ പുതിയ അറിയിപ്പിൽ ഉള്ളത്.

പട്ടികയിലെ രാജ്യങ്ങളിൽ നിന്നുള്ള സൗദി പൗരന്മാർ, നയതന്ത്രജ്ഞർ, ആരോഗ്യ പ്രവർത്തകർ, അവരുടെ കുടുംബങ്ങൾ, രാജ്യത്തേക്കു കടക്കുന്നതിന് മുൻപു വിലക്കുള്ള പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ 14 ദിവസം തങ്ങിയവർ എന്നിവർക്ക് ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ മുൻകരുതൽ നടപടികൾ പാലിച്ചു സൗദിയിലേക്ക് പ്രവേശിക്കാം,

സ്വദേശി പൗരന്മാർക്കു രാജ്യത്തിന് പുറത്ത് പോകാനുള്ള വിലക്കും ഇതോടെ നീങ്ങും. ഇന്ത്യക്കു പുറമെ യുഎഇ, തുർക്കി, അർജന്റീന, ജർമനി, ഈജിപ്ത്, ലെബനൻ, ജപ്പാൻ, ഇറ്റലി, പാകിസ്ഥാൻ, ബ്രസീൽ, പോർച്ചുഗൽ, സ്വീഡൻ, ഫ്രാൻസ്, അമേരിക്ക, ഇന്തോനേഷ്യ, അയർലന്റ, ബ്രിട്ടൻ, സ്വിറ്റ്‌സർലാന്റ്, ദക്ഷിണാഫ്രിക്ക എന്നിവയാണ് സൗദിയിലേക്ക് വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക.

കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നു നേരത്തേ മുതൽ പ്രവേശനാനുമതി ഇല്ലാത്തതിനാൽ യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞതിനു ശേഷമാണു സൗദിയിലേക്ക് പ്രവേശിച്ചിരുന്നത്. ഈ മാർഗം അടഞ്ഞതോടെയാണു സൗദിയിലെ പ്രവാസികൾ കൂടുതൽ വലഞ്ഞത്. അത് ഇനിയും നീളുകയാണെന്ന പ്രഖ്യാപനം നാട്ടിൽ പോകാൻ കാത്തിരിക്കുന്നവരും മടങ്ങാൻ ആഗ്രഹിക്കുന്നവരുമായ നിരവധി പേരെ നിരാശയിലാക്കിയിരിക്കുകയാണ്.

14 ദിവസത്തിനുള്ളിൽ മുകളിൽ സൂചിപ്പിച്ച രാജ്യങ്ങളിലൂടെ കടന്നു പോയവർക്ക് രാജ്യത്തേക്ക് കടക്കാനാകില്ല എന്നതിനാൽ ഇന്ത്യ വിട്ടതിനു ശേഷം മറ്റെവിടെയെങ്കിലും ക്വാറന്റീൻ വാസം കഴിഞ്ഞു മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. അതായത് ദുബായ് മാർഗമെങ്കിലും തുറന്ന് കിട്ടിയാൽ മതിയെന്ന പ്രതീക്ഷക്കു മങ്ങലേറ്റതോടെ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ സൗദിയിലേക്ക് കടക്കാൻ ഇനിയും കറങ്ങിത്തിരിയണം. നിലവിൽ നേപ്പാൾ, മാലിദ്വീപ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ വഴിയാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ രാജ്യത്തേക്ക് പ്രവേശിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.