1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2021

സ്വന്തം ലേഖകൻ: കോവിഡ് വാക്സിനേഷന്റെ രണ്ടു ഡോസും എടുത്തവർക്കു ക്വാറന്റീൻ നിബന്ധനകൾ സ്വിറ്റ്സർലന്റിൽ ലഘൂകരിച്ചു. രണ്ടാമത്തെ ഡോസിന് ശേഷം 15 ദിവസം മുതൽ ആറു മാസത്തേക്കാണ് ഇളവ്. വാക്സീനുകളുടെ ഫലപ്രാപ്തി നിലവിൽ ആറു മാസം വരെയേ ഉറപ്പുതരുന്നുള്ളു എന്നതുകൊണ്ടാണ് വാക്‌സിനേഷൻ പൂർണമായി എടുത്തവർക്ക് ഇക്കാലയളവിലേക്ക് മാത്രമായി ക്വാറന്റീൻ ഇളവ്.

രാജ്യത്തിനുള്ളിലെ കോവിഡ് സമ്പർക്കങ്ങൾക്കു മാത്രമാണ് ഇളവ്. റെഡ് സോണിലെ രാജ്യങ്ങൾ സന്ദർശിച്ചു സ്വിറ്റസർലൻഡിലേക്കു മടങ്ങുന്നവർ 10 ദിവസ്സം ക്വാറന്റീനിൽ ഇരിക്കണമെന്ന നിയമത്തിൽ മാറ്റമില്ലെന്നും ഫെഡറൽ വാക്‌സിനേഷൻ കമ്മിഷൻ പ്രസിഡന്റ് ക്രിസ്റ്റോഫ് ബെർഗർ വ്യക്തമാക്കി. രണ്ടാഴ്ച്ച കൂടുമ്പോൾ അപ്‌ഡേറ്റ് ചെയ്യുന്ന റെഡ് സോൺ പട്ടികയിൽ നിലവിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, ഇന്ത്യയിലെ സാഹചര്യങ്ങളെ ആശങ്കയോടാണു കാണുന്നതെന്നും ബെർഗർ പറഞ്ഞു.

ഫൈസർ, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകൾക്ക് മാത്രമാണ് സ്വിസ്സ് ഡ്രഗ് കൺട്രോൾ വകുപ്പിന്റെ അനുമതിലുള്ളത്. ഇതിൽ തന്നെ ജോൺസൺ ആൻഡ് ജോൺസൻറെ വാക്‌സിൻ രാജ്യത്ത് ഉപയോഗിക്കുന്നില്ല. ഈ മൂന്നു വാക്സീനുകൾക്കു പുറമെ പ്രമുഖ മരുന്ന് നിർമാതാക്കളായ “റോഷെ” യുടെ ആന്റി ബോഡി കോക്‌ടെയിൽ കൊറോണ മരുന്നിനും കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.

കൊറോണ പ്രതിരോധത്തിൽ 81 ശതമാനം വരെ ഫലപ്രാപ്തിയാണ് ഈ മരുന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. ജോൺസൺ ആൻഡ് ജോൺസന് മുന്നേ ഓക്സ്ഫോഡിന്റെ അസ്ട്ര സെനക വാക്‌സിൻ അനുമതിക്കായി അപേക്ഷ സമർപ്പിച്ചതാണെങ്കിലും, സ്വിസ് ഡ്രഗ് കൺട്രോളിന്റെ അനുമതി വൈകുകയാണ്. ഈ വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്ന് ഇയു രാജ്യങ്ങൾ പലതും താൽക്കാലികമായി കുത്തിവയ്പ്പ് നിർത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.