
സ്വന്തം ലേഖകൻ: ഖത്തറിലേക്ക് എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധം. കോവിഡ് മുക്തര്‍ക്ക് ക്വാറന്റീന് നടപടികളില്‍ ഇളവ്. പുതിയ നടപടികള്‍ ഏപ്രില്‍ 25 മുതല്‍ പ്രാബല്യത്തില്‍.പുറപ്പെടുന്ന രാജ്യത്തെ പ്രാദേശിക ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ള പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നു യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പായി നടത്തിയ കോവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ ഹാജരാക്കണം. പൊതുജനാരോഗ്യ മന്ത്രാലയമാണ് രാജ്യത്തേക്കുള്ള പ്രവേശന, ക്വാറന്റീന് നയങ്ങള്‍ പുതുക്കിയത്.
കോവിഡ് മുക്തരായ വ്യക്തികള്‍ക്കു രാജ്യത്തേക്ക് മടങ്ങിയെത്തുമ്പോള്‍ ആറു മാസത്തേക്ക് ക്വാറന്റീന് ആവശ്യമില്ല. കോവിഡ് പോസിറ്റീവായതിന്റെ ആദ്യ പരിശോധനാ ഫലം വന്ന തീയതി മുതല്‍ ആറുമാസത്തേക്കാണ് ഇളവ്. കോവിഡ് മുക്തരായ വ്യക്തി കോവിഡ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കിലും ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെങ്കില്‍ ക്വാറന്റീനില്‍ ഇളവു ലഭിക്കും. കോവിഡ് മുക്തരായവരെന്ന അംഗീകൃത ലബോറട്ടറി പരിശോധനാ ഫലം ഹാജരാക്കണം. എന്നാല്‍ മറ്റു യാത്രക്കാരെ പോലെ യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം.
ക്വാറന്റീന് ഇളവിനു യോഗ്യരായ കോവിഡ് മുക്തരായ വ്യക്തികള്‍ കോവിഡ് പോസിറ്റീവുകാരുമായി സമ്പര്‍ക്കം പുലര്‍ത്തി 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ സ്വയം ഐസലേഷനില്‍ പോകണം. കോവിഡ് പിസിആര്‍ പരിശോധന നടത്തുകയും വേണം. പരിശോധനാ ഫലം നെഗറ്റീവ് ആകുകയും ലക്ഷണങ്ങളുടെ മറ്റു കാരണങ്ങള്‍ നിര്‍ണയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും കോവിഡ് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല