
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കാനഡ. 30 ദിവസത്തേയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കു പുറമേ പാക്കിസ്ഥാനിൽനിന്നുമുള്ള വിമാനങ്ങൾക്കും കാനഡ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽനിന്നും പാക്കിസ്ഥാനിൽനിന്നും എത്തുന്ന യാത്രക്കാരിൽ കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കാനഡ ഗതാഗത മന്ത്രി ഒമർ അൽഗബ്ര പറഞ്ഞു.
എല്ലാ വാണിജ്യ, സ്വകാര്യ യാത്ര വിമാനങ്ങൾക്കും വിലക്ക് ബാധകമാണെന്നും ഒമർ അറിയിച്ചു. ഇത് ഒരു താത്കാലിക നടപടിയാണ്. ഇരുരാജ്യങ്ങളിലെയും സാഹചര്യങ്ങൾ തങ്ങൾ വിലയിരുത്തുകയും ഉചിതമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഒമർ അൽഗബ്ര കൂട്ടിച്ചേർത്തു.
ഇന്ത്യയുൾപ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളിൽനിന്നുള്ള വിമാന സർവീസുകൾ വെട്ടിക്കുറച്ച് ഓസ്ട്രേലിയ. സർവീസുകൾ 30 ശതമാനം വെട്ടിക്കുറയ്ക്കുമെന്നാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ അറിയിച്ചത്. രാജ്യത്തെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ വിദേശത്തു നിന്നെത്തി കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണു നടപടി.
സർക്കാരിന്റെ ചാർട്ടേഡ് സർവീസുകൾക്കും കൊമേഴ്സ്യൽ സർവീസുകൾക്കും വെട്ടിക്കുറയ്ക്കൽ ബാധകമാണെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ രണ്ടാം കോവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തിലാണു വിലക്കെന്നു പറഞ്ഞ മോറിസണ്‍, സർവീസ് വെട്ടിക്കുറയ്ക്കൽ ബാധകമാകുന്ന മറ്റു രാജ്യങ്ങളുടെ പേര് വെളിപ്പെടുത്തിയില്ല.
എന്തായാലും ബ്രിട്ടന്റെ റെഡ് ലിസ്റ്റിനു സമാനമായ പട്ടികയാകും പ്രഖ്യാപിക്കുകയെന്ന് മോറിസൺ അറിയിച്ചു. രോഗബാധിത രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്കായി സർക്കാർ പുതിയ മാർഗനിർദേശങ്ങളും പുറത്തിറക്കി. ഇത്തരം രാജ്യങ്ങളിൽ അവസാന 14 ദിവസം കഴിഞ്ഞവർ 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ പരിശോധനാഫലം ഹാജരാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല