
സ്വന്തം ലേഖകൻ: എക്സിറ്റ് പോളുകള്‍ ശക്തമായ പോരാട്ടം പ്രവചിച്ച പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ഇരുന്നൂറോളം സീറ്റില്‍. ബിജെപി മുന്നേറ്റം 95 മുതല്‍ 105 വരെ സീറ്റുകളിലൊതുങ്ങുമെന്നാണ് സൂചനകള്‍. നന്ദിഗ്രാമിൽ തന്റെ പഴയ വിശ്വസ്തൻ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിക്കെതിരെ 2,700 വോട്ടിനാണ് നിലവിൽ മമത ലീഡ് ചെയ്യുന്നത്. കഴിഞ്ഞതവണ ഭവാനിപൂരില്‍നിന്ന് തിരെഞ്ഞടുക്കപ്പെട്ട മമത ഇത്തവണ സുവേന്ദുവിനെ നേരിടാന്‍ നന്ദിഗ്രാമിലേക്കു മാറുകയായിരുന്നു. മമതയുടെ മുന്‍ വലംകൈയായ സുവേന്ദു തിരഞ്ഞെടുപ്പിനു തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തൃണമൂൽ പ്രവർത്തകർ ആഘോഷം ആരംഭിച്ചു. വോട്ടെണ്ണലിന്റെ ആരംഭം മുതൽ ഒപ്പത്തിനൊപ്പമുണ്ടായിരുന്ന ബിജെപിയെ പിന്നിലാക്കിയാണ് നിലവിൽ തൃണമൂൽ മുന്നേറുന്നത്. 292 സീറ്റുകളിലെ ഫലസൂചനകളിൽ 205 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മുന്നിലാണ്. ബിജെപിക്ക് 84 സീറ്റുകളിൽ ലീഡുണ്ട്. കോൺഗ്രസ് – ഇടത് സഖ്യത്തിന് നിലവിൽ ഒരേയൊരു സീറ്റിലാണ് ലീഡുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിൽ ബിജെപിയും, മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസും നേർക്കുനേർ പോരടിച്ച തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. അതുകൊണ്ടുതന്നെ ഫലം ഇരു കൂട്ടർക്കും ഒരുപോലെ നിർണായകം. ഇവർക്കൊപ്പം പരാമവധി സീറ്റു സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഇടതു പാർട്ടികളും കോൺഗ്രസും ഉൾപ്പെടുന്ന സഖ്യവുമുണ്ട്.
ആകെ 294 സീറ്റുകളുള്ള ബംഗാൾ നിയമസഭയിലേക്ക് എട്ടു ഘട്ടങ്ങളിലാണ് വോട്ടെടുപ്പു നടന്നത്. ഏപ്രിൽ 29നായിരുന്നു അവസാന ഘട്ട വോട്ടെടുപ്പ്. അധികാരത്തിൽ ഹാട്രിക് ലക്ഷ്യമിട്ടാണ് മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആകെയുള്ള 294 സീറ്റുകളിൽ 200ൽ അധികം സീറ്റുകൾ നേടി വൻ അട്ടിമറിയാണ് ബിജെപി ലക്ഷ്യമിട്ടത്.
തമിഴ്നാട്
മിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനങ്ങല് തുടരുമ്പോള്‍ ഡിഎം കെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമായി മാറി. പത്ത് വര്‍ഷത്തിനു ശേഷമാണ് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ തമിഴ്നാട് ഭരിക്കാന്‍ തയ്യാറെടുക്കുന്നത്. ലീഡ് നില പുറത്ത് വരുമ്പോള്‍ 234 അംഗ നിയമസഭയില്‍ 136 സീറ്റിലും ഡിഎം കെ മുന്നേറുമ്പോള്‍ 97 സീറ്റില്‍ അണ്ണാ ഡി എം കെയും ലീഡ് ചെയ്യുന്നു. കോവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് ആവശ്യം. ഡിഎംകെ ചിഹ്നത്തില്‍ മത്സരിച്ച ഘടകകക്ഷികളെ കൂടി പരിഗണിച്ചാല്‍ പാര്‍ട്ടിയുടെ ലീഡ്നില 120കടന്നു. കമലഹാസന്റെ എംഎന്‍എം ഒരു സീറ്റില്‍ മുന്നിലാണ്. ടിടിവി ദിനകരന്റെ എഎംഎംകെയ്ക്ക് ഒരു സീറ്റിലും മുന്നിലെത്താന്‍ കഴിഞ്ഞിട്ടില്ല.
മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി , ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്, മക്കല്‍ നീതി മയ്യം പ്രസിഡന്റ് കമലഹാസന് എന്നിവര്‍ മുന്നിലാണ്. ഉപമുഖ്യമന്ത്രി ഒ പുനീര്ശെല്വം ബോഡിനായ്ക്കന്നൂരില്‍ മുന്നിലാണ്. ബിജെപി സ്ഥാനാര്‍ത്ഥി ഖുശ്ബു പിന്നിലാണ്. ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്റെ ലീഡ് 10000 ലേറെ കടന്നു. എകിസിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് 10 വര്‍ഷത്തിനു ശേഷം ഡിഎംകെ അധികാരത്തിലെത്തുമെന്നും ഡിഎംകെയുടെ ചുമലിലേറി കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തുമെന്നാണ് സൂചന.
അസം
അസമിൽ ഭരണം ഉറപ്പിക്കാനൊരുങ്ങി ബി.ജെ.പി. 79 സീറ്റുകളിലാണ് ബി.ജെ.പിക്ക് ലീഡ്. കോൺഗ്രസ് 46 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഇതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ബിജെപിയുടെ വഴി കൂടുതൽ സുഗമമായേക്കും. കോൺഗ്രസിന്റെ 15 വർഷത്തെ തുടർച്ചയായ ഭരണം അട്ടിമറിച്ചാണ് കഴിഞ്ഞ തവണ ബിജെപി അധികാരത്തിൽ വന്നത്. 126 അംഗ നിയമസഭയിൽ ബിജെപി, എജിപി, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് എന്നിവ 86 സീറ്റ് നേടിയത് കോൺഗ്രസിനെ ഞെട്ടിച്ചു.
സംസ്ഥാനത്ത് ഇത്തവണ എങ്ങനെയും ഭരണം പിടിക്കണമെന്ന നിശ്ചയദാർഢ്യത്തോടെ കോൺഗ്രസ് എഐയുഡിഎഫ്, ബിപിഎഫ്, സിപിഎം, സിപിഐ, സിപിഐ– എംഎൽ, അഞ്ചാലിക് ഗണ മോർച്ച എന്നിവയുടെ സഖ്യമുണ്ടാക്കി. ഒപ്പം രാഹുലും പ്രിയങ്കയും നടത്തിയ പ്രചണ്ഡമായ പ്രചാരണവും. എന്നിട്ടും കോൺഗ്രസിന് ബിജെപിയുടെ മുന്നേറ്റത്തിന് തടയിടാനായില്ല.
പുതുച്ചേരി
പുതുച്ചേരിയിൽ എൻ.ആർ. കോൺഗ്രസ് ലീഡ്നില തുടരുന്നു. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ കോൺഗ്രസ് -ഡി.എം.കെ സഖ്യത്തെ പിന്നിലാക്കി ബഹുദൂരം മുന്നിൽ കുതിക്കുന്ന എൻ.ആർ. കോൺഗ്രസ് -ബി.െജ.പി സഖ്യം ലീഡ് നില ഉയർത്തുകയാണ്. ആകെയുള്ള 30 സീറ്റിൽ 12 സീറ്റുകളിലെ ഫല സൂചനകൾ പുറത്തുവന്നപ്പോൾ ഒമ്പത് സീറ്റിലും എൻ.ആർ കോൺഗ്രസ് മുന്നിട്ടു നിൽക്കുകയാണ്.
രണ്ട് സീറ്റിൽ മാത്രമാണ് കഴിഞ്ഞ ഭരണ കക്ഷിയായ കോൺഗ്രസിന് ലീഡ് ചെയ്യാനാവുന്നത്. ഒരു സീറ്റിൽ സ്വതന്ത്രൻ ലീഡ് ചെയ്യുന്നു. മാഹിയിലാണ് സി.പി.എമ്മിന്റെ സ്വതന്ത്ര സ്ഥാനാർഥി ഹരിദാസൻ മാസ്റ്ററാണ് ലീഡ് ചെയ്യുന്നത്. സി.പി.എം സ്വതന്ത്രൻ ഡോ. രാമചന്ദ്രനാണ് സിറ്റിങ് എം.എൽ.എ. കോൺഗ്രസിന്റെ രമേശ് പറമ്പത്ത് രണ്ടാമതും എൻ.ആർ. കോൺഗ്രസിന്റെ വി.പി. അബ്ദുർറഹ്മാൻ മൂന്നാമതും ആണ്.
വി. നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ കോൺഗ്രസ് സർക്കാറിനെ ഭരണത്തിന്റെ അവസാന കാലത്ത് ബി.ജെ.പി അട്ടിമറിച്ചിരുന്നു. എം.എൽ.എമാരും മന്ത്രിമാരും ബി.െജ.പിയിലേക്ക് കൂറുമാറിയതിനെ തുടർന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെതുടർന്ന് രാജിവെക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല