
സ്വന്തം ലേഖകൻ: ചിട്ടയായ പ്രവർത്തനത്തിലൂടെ കോവിഡിനെ മെരുക്കിയ ബ്രിട്ടനിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ അടുത്തയാഴ്ച മുതൽ ഒട്ടേറെ ഇളവുകൾ. തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് മരണം അഞ്ചിൽ താഴെ നിൽക്കുമ്പോഴാണു പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രഖ്യാപനം. ഞായറാഴ്ച രണ്ടും, ഇന്നലെ നാലുപേരും മാത്രമാണു ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിച്ചത്. രണ്ടുമാസം മുൻപു പ്രതിദിനം 2000 പേർ മരിച്ചിരുന്ന സ്ഥിതിയിൽ നിന്നാണു ഈ നേട്ടം.
ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യാത്ത ദിവസമായിരുന്നു ഇന്നലെ. ആകെയുണ്ടായ നാലു മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതു വെയിൽസിൽ നിന്നാണ്. അടുത്ത തിങ്കളാഴ്ച മുതൽ ആളുകൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യാനും റസ്റ്ററന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും പബ്ബുകളിൽ പോയിരുന്നു മദ്യപിക്കാനും വിദേശത്തേക്ക് വിനോദയാത്ര പോകാനും കഴിയും.
എന്നാൽ ഈ ഇളവുകൾ ആസ്വദിക്കുമ്പോൾ മര്യാദകൾ മറക്കരുതെന്നും, വേഗം രോഗം പിടിപെടാൻ സാധ്യതയുള്ളവർ ജാഗ്രത പുലർത്തണമെന്നും ബോറിസ് ജോൺസൺ അഭ്യർഥിച്ചു. 24 മുതൽ സ്കോട്ട്ലൻഡിൽ നിന്നും ഏതാനും രാജ്യങ്ങളിലേക്ക് യാത്ര പോകുന്നവർക്ക് തിരികെയെത്തുമ്പോൾ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ തോതനുസരിച്ച് ബ്രിട്ടൻ വിവിധ ലോക രാജ്യങ്ങളെ റെഡ്, ആംബർ, ഗ്രീൻ എന്നിങ്ങനെ മൂന്നു കാറ്റഗറിയായി തിരിച്ചിരുന്നു.
ഇതിൽ ഗ്രീൻ കാറ്റഗറിയിലുള്ള രാജ്യങ്ങളിൽ പോയി വരുന്നവർക്കാണ് 24 മുതൽ സ്കോട്ട്ലൻഡിൽ ക്വാറന്റീൻ ഇളവ് അനുവദിക്കുന്നത്. വരുന്ന തിങ്കളാഴ്ച മുതൽ ഇംഗ്ലണ്ടിലെ സെക്കൻഡറി സ്കൂളുകളിൽ കുട്ടികൾക്ക് ഫെയ്സ് മാസ്ക് ധരിക്കേണ്ടതില്ല. സർക്കാർ തീരുമാനം ഇതാണെങ്കിലും ഇക്കാര്യത്തിൽ അധ്യാപക സംഘടനകളിലും ആരോഗ്യ വിദഗ്ധരിലും നല്ലൊരു വിഭാഗം മാസ്ക് അനിവാര്യമാണെന്ന് ഇപ്പോഴും അഭിപ്രായപ്പെടുന്നുണ്ട്. യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് 17 മുതൽ ഇൻപേഴ്സൺ അധ്യാപനത്തിലേക്ക് മടങ്ങാം.
തിങ്കളാഴ്ച മുതൽ വീടിനു പുറത്ത് 30 പേർക്കുവരെ ഒത്തുകൂടാം. രണ്ടു വീടുകളിലെ ആറു പേർക്കുവരെ വീടിനുള്ളിലും ഒരുമിക്കാം. വിവാഹ പാർട്ടികളിലും മറ്റു സൽക്കാരങ്ങളിലും 30 പേർക്കുവരെ പങ്കെടുക്കാം. ശവസംസ്കാര കർമ്മങ്ങളിൽ ആളുകളുടെ എണ്ണം നിജപ്പെടുത്തിയിട്ടില്ലെങ്കിലും ചടങ്ങു നടക്കുന്ന സ്ഥലത്തിന്റെ വലിപ്പം അനുസരിച്ച് ആളുകളെ നിയന്ത്രിക്കണം.
കെയർ ഹോമുകളിൽ അഞ്ചു സന്ദർശകരെ വരെ അനുവദിക്കും. കെയർ ഹോമുകളിൽ താമസിക്കുന്നവർക്ക് ആവശ്യമെങ്കിൽ പുറത്തുപോകാനും അനുമതിയുണ്ടാകും. സോഷ്യൽ കെയർ, മെഡിക്കൽ, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ബിസിനസ് മേഖലകളിൽ സാമൂഹിക അകലം പാലിക്കുന്നത് തുടരണം. എന്നാൽ അടുത്ത സുഹൃത്തുക്കൾ തമ്മിലും കുടുംബാംഗങ്ങൾ തമ്മിലും അകലം പാലിക്കുന്നതു സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകാം.
മ്യൂസിയങ്ങൾ, സിനിമാശാലകൾ, കോൺഫറൻസ് സെന്ററുകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, തിയറ്ററുകൾ, കോൺഫറൻസ് സെന്ററുകൾ, സ്പോർട്സ് സ്റ്റേഡിയങ്ങൾ എന്നിവയെല്ലാം തുറക്കും. ഹോട്ടലുകളും ബാർബി ക്യൂ റസ്റ്ററന്റുകളും തുറക്കാം. ഫെയ്സ് മാസ്ക് ഒഴിവാക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതു നിർത്തലാക്കുന്നതും നൈറ്റ് ക്ലബ്ബുകൾ തുറക്കുന്നതും ഉൾപ്പെടെയുള്ള കൂടുതൽ ഇളവുകൾ ജൂൺ 21നു പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന.
ജീവിതത്തിലുടനീളം ആളുകൾക്ക് ആവശ്യമായ കഴിവുകൾ നൽകാൻ സഹായിക്കുമെന്ന ബോറിസ് ജോൺസന്റെ വാഗ്ദാനം നിറവേറ്റുന്നതിനുള്ള നിയമ നിർമാണവുമായി സർക്കാർ മുന്നോട്ട്. പുതിയ നിയമങ്ങൾ അടുത്ത വർഷത്തെ ഗവൺമെന്റിന്റെ നിയമനിർമ്മാണ അജണ്ടയുടെ കേന്ദ്ര ഭാഗമാകും. പുതിയ നിയമങ്ങൾ അവതരിപ്പിക്കുന്നത് തന്റെ “ലൈഫ്ടം സ്കിൽസ് ഗ്യാരൻ്റി“ അജണ്ടയിൽ ഉൾപ്പെടുത്തുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എലിസബത്ത് രാജ്ഞിയുടെ പ്രസംഗത്തിൽ ഇതിൻ്റെ രൂപരേഖ അവതരിപ്പിച്ചേക്കും.
ഭർത്താവ് ഫിലിപ്പ് രാജകുമാരൻ്റെ മരണശേഷം രാജ്ഞിയുടെ ആദ്യത്തെ പൊതു ആചാരപരമായ ചുമതലയാണ് പാർലമെൻ്റിനെ അഭിസംബോധന ചെയ്തുള്ള പ്രസംഗം. പാർലമെൻ്റിൽ അവതരിപ്പിക്കാനിരിക്കുന്ന 25 ഓളം ബില്ലുകളിൽ കൗമാരക്കാർക്കും മുതിർന്നവർക്കും വേണ്ടിയുള്ള വിദ്യാഭ്യാസവും പരിശീലനവും ഉൾപ്പെടുന്നു.
സർക്കാർ സംഭരണം, സംസ്ഥാന സഹായം, ബ്രെക്സിറ്റിനു ശേഷമുള്ള പരിഷ്കാരങ്ങൾ അനുവദിക്കുന്ന പുതിയ നിയമങ്ങൾ, ആസൂത്രണ സംവിധാനത്തെ മാറ്റങ്ങൾ, ഫിക്സഡ് ടേം പാർലമെൻറ് നിയമം റദ്ദാക്കൽ, അഭയവും നിയമപരമായ പരിരക്ഷയും സംബന്ധിച്ച് പരിഷ്ക്കാരങ്ങൾ എന്നീ വിഷയങ്ങളും രാജ്ഞിയുടെ പ്രസംഗത്തിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല