1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2021

സ്വന്തം ലേഖകൻ: ഇസ്രയേൽ – പലസ്തീൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഗാസ മുനമ്പിൽ നിന്ന് 600 ലധികം മിസൈലുകൾ രാജ്യത്തേക്ക് വിക്ഷേപിച്ചതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇരുന്നൂറോളം മിസൈലുകൾ മുകളിൽ വച്ച് തന്നെ തകർത്തെന്നും ഇസ്രയേൽ സേന അവകാശപ്പെട്ടു.

ഇസ്രയേൽ ഗാസയ്‌ക്കെതിരെയും ആക്രമണങ്ങൾ നടത്തി. സായുധ പലസ്തീൻ ഗ്രൂപ്പുകൾ ബുധനാഴ്ച പുലർച്ചെ ഇസ്രയേലിനു നേരെ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. അഷ്‌കെലോൺ, മോദിൻ, ടെൽ അവീവ് എന്നീ നഗരങ്ങളെ ലക്ഷ്യമാക്കിയായിരുന്നു റോക്കറ്റ് ആക്രമണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

റോക്കറ്റ് ആക്രമണത്തിനിടെ ടെൽ അവീവിനടുത്ത് വൻ സ്ഫോടനം ഉണ്ടായതായി ഐഡിഎഫ് അറിയിച്ചു. എന്നാൽ, സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സമൂഹ മാധ്യമങ്ങളിൽ പങ്കിട്ട ഒന്നിലധികം വിഡിയോകളിൽ ഇസ്രയേലി വ്യോമ പ്രതിരോധ സംവിധാനം മിസൈലുകൾ തകർക്കുന്നത് കാണാം. അയൺ ഡോം സംവിധാനം നഗരത്തിനു മുകളിലൂടെ കുതിക്കുന്ന മിസൈലുകളെ തകർക്കുന്നതും കാണാം. പശ്ചാത്തലത്തിൽ വ്യോമാക്രമണ സൈറനുകൾ മുഴങ്ങുന്നുണ്ട്.

ഗാസ സിറ്റിയിലെ ഒൻപത് നില കെട്ടിടം ഇസ്രയേൽ തകർത്തുവെന്ന വാർത്ത വന്നതിനു തൊട്ടുപിന്നാലെയാണ് മിസൈലുകൾ കുതിച്ചെത്തിയത്. ആക്രമണത്തിൽ ഇരുഭാഗത്തും വ്യാപകമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ത്രുക്കളുടെ മിസൈലുകളെ അതിർത്തികടക്കും മുൻപെ തകർക്കാൻ ശേഷിയുള്ള ഇസ്രയേലിന്റെ അയൺ ഡോം പ്രതിരോധ സംവിധാനം മിസൈൽ ആക്രമണത്തെ നേരിടുന്നതിൽ വൻ പരാജയമാണെന്നാണ് വിലയിരുത്തൽ.

മസ്​ജിദുൽ അഖ്​സയിലും ജറൂസലമിലും തുടരുന്ന പൊലീസ്​ നടപടികളാണ് പുതിയ സംഘർഷത്തിൻ്റെ തുടക്കം. ചുറ്റും ഉപരോധവലയിൽ കഴിയുന്ന ഗാസയിൽ തുടരുന്ന വ്യോമാക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 12 കുട്ടികളുൾപെടെ 38 ആയി. 250 പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. ജറൂസലമിൽ ദിവസങ്ങളായി ഇസ്രായേൽ പൊലീസ്​ തുടരുന്ന ഭീകരതയിൽ ഇതുവരെ 700ലേറെ ഫലസ്​തീനികൾക്ക്​ പരിക്കേറ്റിട്ടുണ്ട്​.

അതിനിടെ മസ്​ജിദുൽ അഖ്​സയിൽ കടന്നുകയറി വ്യാപകമായി ആക്രമണം തുടരുന്നതിൽ ലോകമെങ്ങും പ്രതിഷേധം ശക്​തമാണെങ്കിലും അവസാനിപ്പിക്കാനില്ലെന്ന നിലപാടിലാണ്​ ഇസ്രായേൽ. ദിവസങ്ങൾക്കിടെ ആറു തവണയാണ്​ ഇസ്രയേൽ പൊലീസ്​ മസ്​ജിദിനകത്തു കയറി വിശ്വാസികൾക്കു നേരെ അതിക്രമം നടത്തിയത്​.

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ലോഡ് പട്ടണത്തില്‍ പ്രധാനമന്ത്രി നെതന്യാഹു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് ജൂതപള്ളികളും നിരവധി കടകളും കാറുകളും കലാപത്തിൽ കത്തി നശിച്ചു. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും നിയമ ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്‌ നെതന്യാഹു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

പലസ്തീനുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ തെക്കന്‍ മേഖലയില്‍ ഇസ്രയേല്‍ കൂടുതല്‍ സൈന്യത്തെ ഇറക്കി. ചീഫ് ഓഫ് സ്റ്റാഫ് നിര്‍ദേശിച്ചതു പ്രകാരം 5000 സൈനികരെ കൂടി വിന്യസിക്കാന്‍ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സ് ഉത്തരവിട്ടു. ഹമാസുമായുള്ള ഏറ്റുമുട്ടല്‍ നീണ്ടു പോയേക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.