1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ രാവിലെ തുടങ്ങിയ മഴയ്ക്ക് ശമനമില്ല. തിരുവനന്തപുരം ആലപ്പുഴ, മലപ്പുറം ജില്ലകളിലെ തീരമേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിൽ ശക്തമായ കടൽ ക്ഷോഭത്തിൽ മൂന്ന് വീടുകൾ തകർന്നു. പ്രദേശത്തെ നിരവധി വീടുകളിൽ വെളളം കയറി. തൃശൂർ ചാവക്കാട്, കൊടുങ്ങല്ലൂർ തീരമേഖലയിൽ കടല്‍ക്ഷോഭം ശക്തമാണ്. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.

കോഴിക്കോട് ചാലിയത്ത്‌ ശക്തമായ കടലാക്രമണം. കടലുണ്ടി പഞ്ചായത്തിലെ ഒന്ന്, 19, 20, 22 വാർഡുകളിൽ രൂക്ഷമായ കടൽ ക്ഷോഭം. കടൽക്ഷോഭം രൂക്ഷമായ എറണാകുളം ജില്ലയിലെ തീരമേഖലയായ ചെല്ലാനത്ത് ജനങ്ങൾ ദുരിതത്തിൽ. നിരവധി വീടുകളിൽ വെള്ളം കയറി. മഴ ശക്തി പ്രാപിച്ചതിന് പിന്നാലെയാണ് കടൽക്ഷോഭം രൂക്ഷമായത്.

തൃശൂരില്‍ ഇന്നു പുലർച്ചെ നാല് മുതല്‍ മഴ തുടങ്ങി. തൃശൂർ ചാവക്കാട് കടല്‍ക്ഷോഭം രൂക്ഷമാണ്. നൂറോളം വീടുകളിലേക്ക് വെള്ളം കയറി. കടപ്പുറം, അഞ്ചങ്ങാടി വളവ്, വെളിച്ചെണ്ണപ്പടി, ആശുപത്രിപ്പടി തുടങ്ങിയ പ്രദേശങ്ങളിലാണ് കടലേറ്റം. തിരുവനന്തപുരത്ത് പൂന്തുറ ചേരിയാമുട്ടം മേഖലയിൽ കടലാക്രമണം ശക്തമായി. മലപ്പുറം പൊന്നാനി വെളിയങ്കോട് ശക്തമായ കടലാക്രമണത്തിൽ 50 വീടുകളിൽ വെള്ളം കയറി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ പുതിയതായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ട് ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് തീവന്യൂനമർദമായി മാറി. മേയ് 14 ന് രാവിലെ 8.30 ന് ലക്ഷദ്വീപിനടുത്തെത്തി. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 80 കി.മീ തെക്ക്-തെക്ക് പടിഞ്ഞാറും കേരളത്തിലെ കണ്ണൂർ തീരത്ത് നിന്ന് 360 കിമീ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറുമായാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറിൽ ഇത് ശക്തിപ്രാപിച്ച് ഒരു അതിതീവ്ര ന്യൂനമർദമായി മാറുമെന്നും ശേഷമുള്ള 12 മണിക്കൂറിൽ ഒരു ചുഴലിക്കാറ്റായും മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 62 കി.മീ മുതൽ 88 കി.മീ ആകുന്ന ഘട്ടമാണ് ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും 18 നോട്‌ കൂടി ഗുജറാത്ത്‌ തീരത്തിനടുത്തെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവിൽ പ്രവചിക്കപ്പെടുന്ന ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നിരുന്നാലും ന്യൂനമർദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നിൽക്കുന്നതിനാൽ കേരളത്തിൽ മേയ് 16 വരെയുള്ള ദിവസങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.