1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2021

സ്വന്തം ലേഖകൻ: ഖത്തറില്‍ ഇതുവരെ 35 വയസ്സായിരുന്ന കോവിഡ് വാക്സിന്‍ യോഗ്യതാ പ്രായപരിധിയാണ് മുപ്പത് വയസ്സാക്കി കുറയ്ക്കുന്നത്. മുപ്പത് വയസ്സിന് മുകളിലുള്ള ഏതൊരാള്‍ക്കും ഇനി വാക്സിന്‍ ലഭിക്കാന്‍ യോഗ്യതയുണ്ടാകും. ഈദ് അവധി ദിനങ്ങള്‍ക്ക് ശേഷം തീരുമാനം പ്രാബല്യത്തില്‍ വരും.

മുതിര്‍ന്നവരില്‍ അമ്പത് ശതമാനം പേര്‍ക്കും ഇതിനകം ഒരു ഡോസ് വാക്സിനെങ്കിലും നല്‍കാന്‍ കഴിഞ്ഞതോടെയാണ് പ്രായപരിധി കുറച്ചത്. ഇതോടെ രാജ്യത്തെ കുത്തിവെപ്പ് ക്യാംപയിന് വേഗത കൂടും. അര്‍ഹരായ ഓരോരുത്തര്‍ക്കും അതത് താമസകേന്ദ്രങ്ങളിലെ പിഎച്ച്സിസികളില്‍ നിന്നും അപ്പോയിന്‍മെന്‍റ് മെസ്സേജ് ലഭിക്കും. അപ്പോയിന്‍മെന്‍റ് ലഭിക്കാതെയുള്ള വാക് ഇന്‍ വാക്സിനേഷന്‍ നിലവില്‍ എവിടെയും ലഭ്യമല്ല.

കോവിഡ് വാക്സിനുകളുടെ വാലിഡിറ്റി 9 മാസമാക്കി ദീര്‍ഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഫൈസര്‍ ആന്‍റ് ബയോഎന്‍ടെക്, മൊഡേണ എന്നീ വാക്സിനുകള്‍ നല്‍കുന്ന രോഗപ്രതിരോധ ശേഷിയും സംരക്ഷണവും കൂടുതല്‍ കാലം നീണ്ടുനില്‍ക്കുമെന്ന പഠനത്തിന്‍റെയും ആഗോളാടിസ്ഥാനത്തില്‍ തെളിയക്കപ്പെട്ടതിന്‍റെയും അടിസ്ഥാനത്തിലാണ് ഖത്തറിലും വാക്സിന്‍ വാലിഡിറ്റി ദീര്‍ഘിപ്പിച്ചത്. നേരത്തെ ആറ് മാസമായിരുന്ന വാലിഡിറ്റി ഒമ്പത് മാസമായാണ് ദീര്‍ഘിപ്പിച്ചത്. ഇതോടെ വാക്സിനെടുത്തവര്‍ക്ക് രാജ്യത്തിനകത്ത് ലഭിക്കുന്ന വിവിധ ഇളവുകള്‍ ഇനി ഒമ്പത് മാസം വരെ ലഭ്യമാകും.

പന്ത്രണ്ട് വയസ്സ് മുതലുള്ള കുട്ടികളില്‍ ഫൈസര്‍ ബയോഎന്‍ടെക് വാക്സിന്‍ ഫലപ്രദവും ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് തെളിയിക്കപ്പെടുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ 12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഉടന്‍ തെന്നെ വാക്സിന്‍ നല്‍കിത്തുടങ്ങും. മെയ് 16 ഞായറാഴ്ച്ച മുതല്‍ ഇതിനായുള്ള രജിസ്ട്രേഷന്‍ ആരംഭിക്കും. കുട്ടികള‍ുടെ രക്ഷിതാക്കള്‍ക്ക് ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് (www.moph.gov.qa) വഴി രജിസ്ട്രേഷന്‍ നടത്താം. കുട്ടികളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍ സുരക്ഷിതമായ സാഹചര്യത്തില്‍ സ്കൂളുകളില്‍ അധ്യയനം തുടരാന്‍ കഴിയുമെന്നാണ് മന്ത്രാലയത്തിന്‍റെ പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.