1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2021

സ്വന്തം ലേഖകൻ: തിങ്കളാഴ്ച പുലര്‍ച്ചെ സൗദിയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതോടെ സൗദിയ്ക്കും ബഹ്റൈനിനുമിടയില്‍ യാത്രക്കാര്‍ക്ക് അതിര്‍ത്തി കടക്കാം. ദമ്മാമിലെ കിംഗ് ഫഹദ് കോസ്‌വേ വഴി ഇരുരാജ്യങ്ങളിലെയും താമസക്കാര്‍ തമ്മില്‍ യാത്രചെയ്യാറുണ്ട്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി 2020 മാര്‍ച്ച് 8ന് കോസ്‌വേ അടച്ചിരുന്നു.

കര, കടല്‍, വ്യോമയാനം വഴിയുള്ള സൗദി പൗരന്മാര്‍ക്കുള്ള യാത്രാ വിലക്ക് തിങ്ങളാഴ്ച പുലര്‍ച്ചെ മുതല്‍ പിന്‍വലിക്കുമെന്ന് സൗദിയുടെ ദേശിയ വാര്‍ത്താ ഏജന്‍സി എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു. ദമ്മാം കോസ്‌വേയില്‍നിന്നും ബഹറൈനിലേക്ക് പുറപ്പെടുന്ന സ്ഥത്ത് 10 പാതകള്‍ കൂടി കൂടുതലായി സ്ഥാപിച്ചതോടെ സൗദിയില്‍നിന്നും പുറത്തേക്കു പോകുന്നവര്‍ക്കുള്ള പാതയുടെ എണ്ണം 27 ആയിട്ടുണ്ട്.

അതേസമയം സൗദിയിലേക്ക് പ്രവേശിക്കുവാനുള്ള കോസ്‌വേയിലെ പാതയുടെ എണ്ണം 36 ആക്കിയിട്ടുമുണ്ടെന്ന് കിംഗ് ഫഹദ് കോസ്‌വേയുടെ പാസ്പോര്‍ട്ട് ഡയറക്ടര്‍ ദുവാഹി അല്‍ സഹ്ലയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുണ്ട്.
എന്നിരുന്നാലും, കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയവരും രോഗബാധ ഇല്ലാത്തവര്‍ക്കും മാത്രമെ സൗദി വിടാന്‍ അനുവാദമുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

യാത്രക്കാരുടെ മൊബൈല്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത തവക്കല്‍ന ആപ്പ് വഴി തെളിവ് ഹാജരാക്കേണ്ടതുണ്ട്. യാത്രചെയ്യുന്നവര്‍ 18 വയസ്സിന് താഴെയുള്ളവരാണെങ്കില്‍ കൊറോണ വൈറസ് ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. വാക്സിനേഷന്‍ എടുത്തിട്ടുണ്ടെന്നും വൈറസ് ബാധിതരല്ലെന്നും സ്ഥിരീകരിക്കുന്ന ജിസിസി രാജ്യങ്ങളില്‍ അംഗീകരിച്ച ഏതെങ്കിലും ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ബഹ്റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പോകുന്ന യാത്രക്കാര്‍ കരുതേണ്ടതുണ്ടെന്ന് ബഹ്റൈന്റെ വാര്‍ത്താ ഏജന്‍സി ബിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.

സാമ്പിള്‍ എടുത്ത സമയം മുതല്‍ 72 മണിക്കൂറില്‍ കൂടാത്ത പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റം സമര്‍പ്പിക്കണം. സൗദി അറേബ്യയും ജോര്‍ദാനും തമ്മിലുള്ള അതിര്‍ത്തി പോസ്റ്റിലൂടെ യാത്രക്കാരുടെ പ്രവേശനത്തിന് മുമ്പ് പ്രഖ്യാപിച്ച നിബന്ധനകള്‍ തിങ്കളാഴ്ച മുതല്‍ റദ്ദാക്കുന്നതായി ജോര്‍ദാന്‍ അറിയിച്ചു. ജോര്‍ദാനികളുടെയും സൗദി അറേബ്യയില്‍ നിന്നും മറ്റ് അറബ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകരുടെ പ്രവേശനം സുഗമമാക്കുന്നതിന് അടുത്തിടെ നിരവധി നടപടികള്‍ സ്വീകരിച്ച ശേഷമാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രി മാസിന്‍ അല്‍ ഫരായയെ ഉദ്ധരിച്ച് ജോര്‍ദാന്‍ വാര്‍ത്താ ഏജന്‍സി പെട്ര റിപ്പോര്‍ട്ട് ചെയ്തു.

വാക്സിന്‍ രണ്ട് ഡോസുകളും 72 മണിക്കൂര്‍ സമയത്തെ നെഗറ്റീവ് പിസിആര്‍ പരിശോധനാഫലം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും നേരത്തെ അതിര്‍ത്തി നിയന്ത്രണങ്ങള്‍ക്ക് മുമ്പ് ജോര്‍ദാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിര്‍ത്തിവഴി രജിസ്റ്റര്‍ ചെയ്യാതെയും പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കാതെയും യാത്രക്കാര്‍ക്ക് കടന്നുപോകാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.