1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2021

സ്വന്തം ലേഖകൻ: ഇസ്രയേൽ ഗാസയിൽ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ 10 കുട്ടികളും 16 സ്ത്രീകളും അടക്കം 42 പേർ കൊല്ലപ്പെട്ടു. 50 പേർക്കു പരുക്കേറ്റു. മൂന്നു കെട്ടിടസമുച്ചയങ്ങളും തകർത്തു. ഒരാഴ്ച പിന്നിടുന്ന സംഘർഷത്തിൽ ഇസ്രയേൽ നടത്തിയ ഏറ്റവും രൂക്ഷമായ ആക്രമണമാണിത്. ഇതോടെ ഗാസ സിറ്റിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 190 ആയി ഉയർന്നു. ഇതിൽ 54 കുട്ടികളും 37 സ്ത്രീകളും ഉൾപ്പെടുന്നു. 1225 പേർക്കു പരുക്കേറ്റു.

ഗാസ മുനമ്പിലെ തെക്കൻ പട്ടണമായ ഖാൻ യൂനിസിനു നേരെ നടത്തിയ മറ്റൊരു വ്യോമാക്രമണത്തിൽ ഹമാസിന്റെ ഉന്നത നേതാവായ യഹിയ സിൻവറിന്റെ വീടും തകർത്തതായി ഇസ്രയേൽ സൈന്യം പറഞ്ഞു. സമീപദിവസങ്ങളിൽ മുതിർന്ന ഹമാസ് നേതാക്കളുടെ വീടുകൾ ലക്ഷ്യമിട്ട മൂന്നാമത്തെ ആക്രമണമാണിത്.

വെടിനിർത്തലിനു രാജ്യാന്തര സമ്മർദം തുടരുമ്പോഴും ആക്രമണം നിർത്താൻ സമയമെടുക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഗാസയിൽ ഭരണം നിയന്ത്രിക്കുന്ന ഹമാസിന്റെ ഉന്നത നേതാക്കളുടെ വീടുകൾക്കു നേരെയും മിസൈലാക്രമണം നടത്തിയതു പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നു മധ്യസ്ഥ ചർച്ചകൾക്കു നേതൃത്വം വഹിക്കുന്ന ഈജിപ്ത് ചൂണ്ടിക്കാട്ടി.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവുമായും പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചു. വെസ്റ്റ് ബാങ്ക് ആസ്ഥാനമായ അബ്ബാസിനു ഗാസയിൽ അധികാരമില്ല. ഗാസയിൽ ഹമാസാണു ഭരിക്കുന്നത്. യുഎസാകട്ടെ ഹമാസിനെ അംഗീകരിച്ചിട്ടുമില്ല. നാളെ യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാർ വിഡിയോ വഴി വിഷയം ചർച്ച ചെയ്യും.

പലസ്തീന് ഐക്യദാർഢ്യവുമായി അമേരിക്കയും ചില സെനറ്റർമാരും രംഗ​ത്തെത്തിയിട്ടും ഇസ്രായേൽ വിഷയത്തിൽ പഴയ നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ് പ്രസിഡൻ്റ് ബൈഡൻ. കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹുവിനെ വിളിച്ച ബൈഡൻ ആക്രമണം സ്വയം പ്രതിരോധത്തിന്‍റെ ഭാഗമായതിനാൽ തുടരാമെന്ന്​​ വ്യക്​തമാക്കിയിരുന്നു.

അതേ സമയം, ഫലസ്​തീൻ പ്രസിഡന്‍റ്​ മഹ്​മൂദ്​ അബ്ബാസിനെ വിളിച്ച്​ അടിയന്തരമായി ഹമാസ്​ റോക്കറ്റാക്രമണം അവസാനിപ്പിക്കാൻ നിർദേശം നൽകുകയും ചെയ്​തു. ​ഫോൺ സംഭാഷണത്തിന്​ പിറകെ ആക്രമണത്തിന്​ മൂർച്ച കൂട്ടാൻ നെതന്യാഹു നിർദേശം നൽകി.

അതേസമയം ഭരണം കൈയാളുന്ന ഡെമോക്രാറ്റിക്​ പാർട്ടിയിലെ 28 അംഗങ്ങൾ ഇതിനകം പരസ്യമായി ഇസ്രായേലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്​. ജോർജിയ സെനറ്റർ ജോൺ ഒസോഫിന്‍റെ നേതൃത്വത്തിൽ പുറത്തിറക്കിയ സംയുക്​ത പ്രസ്​താവനയിൽ ആക്രമണം അടിയന്തരമായി നിർത്തിവെക്കണമെന്ന്​ ആവശ്യപ്പെട്ടു.

ബൈഡന്റെ നിലപാടില്‍ പ്രതിഷേധിച്ച് അമേരിക്കയിലെ മുസ്ലീം സംഘടനകൾ ഈദ് വിരുന്ന് ബഹിഷ്‌കരിച്ചു. വൈറ്റ് ഹൗസില്‍ ഞായറാഴ്ചയാണ് ബൈഡന്‍ വെര്‍ച്വലായി പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ ഇസ്രായേലിനോടുള്ള ബൈഡന്റെ അനുകൂല നിലപാട് തിരുത്താതെ പങ്കെടുക്കില്ലെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.

വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഇസ്രായേലും ഹമാസും ആവര്‍ത്തിച്ചതോടെ യുഎന്‍ സമാധാന ശ്രമങ്ങള്‍ക്കും തിരിച്ചടിയായി. രക്ഷാ സമിതി വെര്‍ച്വല്‍ യോഗംതീരുമാനമാകാതെ പിരിഞ്ഞു. ഗാസയിലെ ആക്രമണങ്ങളെ അപലപിക്കുന്ന പൊതു പ്രസ്താവനയും യോഗത്തില്‍ ഉണ്ടായില്ല. യുഎന്‍ രക്ഷാ സമിതി യോഗ സമയത്തും ഇസ്രായേല്‍ ഗാസയില്‍ ആക്രമണം തുടര്‍ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.