
സ്വന്തം ലേഖകൻ: യുഎഇ വീസക്കാർക്ക് ഏതു എമിറേറ്റിൽനിന്നും മെഡിക്കൽ പരിശോധന നടത്താൻ സൗകര്യം. വ്യത്യസ്ത എമിറേറ്റിലെ വീസക്കാരാണെങ്കിലും ജോലി ചെയ്യുന്ന അല്ലെങ്കിൽ താമസിക്കുന്ന എമിറേറ്റിൽനിന്നു തന്നെ മെഡിക്കൽ എടുക്കാനുള്ള സൗകര്യമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. മെഡിക്കൽ പരിശോധനാ റിപ്പോർട്ട് അതതു എമിറേറ്റിലെ ആരോഗ്യ വിഭാഗങ്ങളിലേക്ക് ഓൺലൈനിലൂടെ കൈമാറും.
റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യമുള്ളവർക്ക് നൽകും. ഈ സൗകര്യത്തെക്കുറിച്ച് അറിയാത്തവർ അവധിയെടുത്ത് ബസിലും ടാക്സിയിലും വീസയുള്ള എമിറേറ്റിലെത്തി മെഡിക്കൽ പരിശോധന നടത്തിവരികയാണ്. കോവിഡ് പശ്ചാത്തലത്തിൽ ദുബായ്–അബുദാബി യാത്രയ്ക്ക് നിയന്ത്രണം ഉള്ളതിനാൽ മെഡിക്കലിനു വേണ്ടിയുള്ള യാത്ര ഒട്ടേറെ പേർക്ക് ബുദ്ധിമുട്ടുണ്ടാക്കി.
അതിർത്തി കടക്കാനും തിരിച്ചെത്തിയാലുള്ള 2 ടെസ്റ്റും അടക്കം 3 തവണ പിസിആർ ടെസ്റ്റ് എടുക്കേണ്ടതിനാൽ ചെലവ് കൂടും. എന്നാൽ ഈ സേവനങ്ങളെക്കുറിച്ച് മതിയായ ബോധവൽക്കരണമില്ലാത്തതാണ് പലർക്കും വിനയായത്. ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലും എംഒഎച്ച് അംഗീകൃത കേന്ദ്രങ്ങളിൽ നിന്നും മെഡിക്കൽ പരിശോധന നടത്താം.
എന്നാൽ ദുബായ് ഹെൽത്ത് അതോറിറ്റിയുടെ (ഡിഒഎച്ച്) മെഡിക്കൽ ദുബായ് വീസക്കാർക്കു മാത്രമാണ്. ദുബായിൽ താമസിക്കുന്ന മറ്റു എമിറേറ്റ് വീസക്കാർക്ക് ദുബായിലെ തന്നെ എംഒഎച്ച് ആശുപത്രികളിൽ ഈ സൗകര്യം ലഭ്യമാണ്. അബുദാബിയിൽ മുബാദലയ്ക്കു കീഴിലുള്ള ക്യാപിറ്റൽ ഹെൽത്ത് സ്ക്രീനിങ് സെന്ററുകളിലും ഈ സൗകര്യമുണ്ട്.
സാധാരണ 48 മണിക്കൂറിനകം ഫലമറിയുന്ന മെഡിക്കൽ പരിശോധനയ്ക്ക് 250 ദിർഹമാണ് നിരക്ക്. 24 മണിക്കൂറിനകം റിപ്പോർട്ട് ലഭിക്കാൻ 350 ദിർഹവും പെട്ടെന്ന് ഫലം ലഭിക്കുന്ന പരിശോധനയ്ക്ക് 500 ദിർഹമുമാണ് നൽകണം. അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയുടെ ക്ലിനിക്കുകളിലും ഈ സേവനം ലഭ്യമാണ്. 800 727336 നമ്പറിൽ വിളിച്ചോ www.capitalhealth.ae വെബ്സൈറ്റിലോ, info@capitalhealth.ae ഇമെയിലിലോ ബുക്ക് ചെയ്യാം. മറ്റ് എമിറേറ്റ് വീസക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല