1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2021

സ്വന്തം ലേഖകൻ: ഗാസയിൽ സംഘർഷം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ കനത്ത നാശമെന്ന് റിപ്പോർട്ടുകൾ. ഇസ്രയേൽ വ്യോമാക്രമണവും പീരങ്കിയാക്രമണവും തുടർന്നതിനിടെ 3 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. റോഡുകളും വൈദ്യുതി ലൈനുകളും നൂറുകണക്കിനു വീടുകളും കെട്ടിടങ്ങളും തകർന്നു. സംഘർഷം രണ്ടാം ആഴ്ചയിലേക്കു പ്രവേശിക്കുമ്പോൾ കൊല്ലപ്പെട്ട പലസ്തീൻ പൗരന്മാരുടെ എണ്ണം 58 കുട്ടികളും 34 സ്ത്രീകളും അടക്കം 201 ആയി.

ഹമാസ് ഉപയോഗിക്കുന്ന 15 കിലോമീറ്റർ തുരങ്കങ്ങളും കമാൻഡർമാരുടെ വീടുകളും തകർത്തെന്ന് ഇസ്രയേൽ അറിയിച്ചു. ഗാസയിൽ അവർക്കൊപ്പം പൊരുതുന്ന സംഘടനയായ ഇസ്‌ലാമിക് ജിഹാദിന്റെ മുതിർന്ന കമാൻഡർ ഹുസൈൻ അബു ഹർബീബിനെ വധിച്ചെന്നും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. തെക്കൻ ഇസ്രയേൽ പട്ടണങ്ങൾക്കു നേരെ ഇന്നലെ ഗാസയിൽ നിന്ന് 60 റോക്കറ്റാക്രമണങ്ങളുണ്ടായി. ഇസ്രയേലിൽ ഇതുവരെ 10 പേരാണു കൊല്ലപ്പെട്ടത്.

2014 നു ശേഷമുള്ള ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാണ് ഇപ്പോൾ നടക്കുന്നത്. വെടിനിർത്തലിനുള്ള രാജ്യാന്തര ശ്രമങ്ങൾ തുടരുന്നതിനിടെ, തിങ്കളാഴ്ച പുലർച്ചെ 50 ഇസ്രയേൽ യുദ്ധവിമാനങ്ങൾ 20 മിനിറ്റ് നീണ്ട രൂക്ഷമായ മിസൈലാക്രമണമാണു ഗാസയിൽ നടത്തിയത്. ആക്രമണം തുടർന്നാൽ ഗാസ നഗരത്തിലെ വൈദ്യുതി, ജലവിതരണം പൂർണമായി നിലയ്ക്കുമെന്നു യുഎൻ ഏജൻസികൾ അറിയിച്ചു.

സംഘർഷം അവസാനിപ്പിക്കാൻ ശ്രമം തുടരുകയാണെന്നാണ് യുഎൻ രക്ഷാസമിതിയിൽ യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞത്. ഗാസയിൽ നിരപരാധികളെ കൊന്നൊടുക്കുന്നത് ഇസ്രയേൽ നിർത്തണമെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷൻ (ഒഐസി) യോഗം ആവശ്യപ്പെട്ടു. ഗാസയിലെ ഇസ്രാഈലിന്റെ ആക്രമണങ്ങള്‍ തുടരുന്നതിനിടെ സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

ഇരു രാജ്യങ്ങളും തമ്മിലുള്ള ആക്രമണം അവസാനിപ്പിച്ച് നയതന്ത്ര പരിഹാരമുണ്ടാക്കണമെന്ന ഐക്യരാഷ്ട്രസഭാ രക്ഷാസമിതി പ്രമേയം അമേരിക്ക തന്നെ തള്ളിയതിനു പിന്നാലെയാണ് പുതിയ നീക്കം. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് സംസാരിച്ച ബൈഡന്‍ ഈജിപ്ത് അടക്കമുള്ള രാഷ്ട്രങ്ങളുമായി ചേര്‍ന്ന് വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ നടത്തിവരികയാണെന്നും അറിയിക്കുകയായിരുന്നുവെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗാസയിലെ ജനങ്ങള്‍ക്ക് സഹായുമായി ഖത്തര്‍ രംഗത്തെത്തിയിരുന്നു. പത്തു ലക്ഷം ഡോളറിന്റെ സഹായമാണ് ഖത്തര്‍ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ഗാസയിലെ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി വഴിയാണ് സഹായമെത്തിക്കുക. പരിക്കറ്റവര്‍ക്കുള്ള ചികിത്സ ഉള്‍പ്പെടെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് ഫണ്ട് വിനിയോഗിക്കുക എന്നാണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.