
സ്വന്തം ലേഖകൻ: നിയന്ത്രണങ്ങളിൽ ഇളവ് നൽകി യുഎസിലെ ജനപ്രിയ തീം പാർക്കുകൾ. ഫ്ലോറിഡയിലെ ഡിസ്നി വേൾഡ്, യൂനിവേഴ്സൽ ഒർലാൻഡോ എന്നിവയുൾപ്പെടെ ജനപ്രിയ തീം പാർക്കുകളിലെ ഒൗട്ട്ഡോർ കേന്ദ്രങ്ങളിൽ ഇനി മാസ്ക് വേണ്ട. സന്ദർശകർ ഒൗട്ട്ഡോർ ഭാഗങ്ങളിൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് ഡിസ്നി വേൾഡ് തങ്ങളുടെ വെബ്സൈറ്റിൽ അറിയിച്ചു.
യൂനിവേഴ്സൽ ഒർലാൻഡോയിലും ഒൗട്ട്ഡോർ കേന്ദ്രങ്ങളിൽ മാസ്ക് വേണ്ട. എന്നാൽ, ഇൻഡോറായ ഹോട്ടലുകളിലും മറ്റിടങ്ങളിലും മാസ്ക് ധരിക്കണം. രണ്ട് ഡോസ് വാക്സിനെടുത്തവർക്കും ഇത്തരം സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണ്. അമേരിക്കയിൽ പൂർണമായും കുത്തിവെപ്പ് എടുത്തവർ മാസ്ക് ധരിക്കേണ്ടന്ന സെെൻറർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) നിർദേശ പ്രകാരമാണ് പാർക്കുകൾ തങ്ങളുടെ നിബന്ധനകൾ ലളിതമാക്കിയത്.
അതേസമയം, രണ്ട് ഡോസും എടുത്തവർ ഇൻഡോർ കേന്ദ്രങ്ങളിലും മാസ്ക് ധരിക്കേണ്ടതില്ലെന്നാണ് സി.ഡി.സിയുടെ നിർദേശം. എന്നാൽ, വാക്സിൻ എടുക്കാത്തവർ എപ്പോഴും മാസ്ക് ധരിക്കണമെന്നും നിഷ്കർഷിക്കുന്നുണ്ട്. സീവേൾഡ് ഒർലാൻഡോ, ബുഷ് ഗാർഡൻസ് ടാംപ തുടങ്ങിയ പാർക്കുകൾ വാക്സിൻ എടുത്തവർക്ക് എവിടെയും മാസ്ക് ധരിക്കാതെ കറങ്ങാമെന്ന് അറിയിച്ചിട്ടുണ്ട്. വാക്സിനേഷെൻറ തെളിവുകളും ഇൗ പാർക്കുകൾ ആവശ്യപ്പെടുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല