
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽനിന്ന് സൗദിയിലെത്തുന്നവർക്ക് ആഭ്യന്തര മന്ത്രാലയം നിർബന്ധമാക്കിയ ഒരാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ സൗദിയിലേക്ക് യാത്രാനിരോധനമില്ലാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന വിദേശികൾക്കാണ് ക്വാറൻറീൻ നിർബന്ധമാക്കിയത്.
സ്വദേശികൾ, കോവിഡിനെതിരെയുള്ള കുത്തിവെപ്പെടുത്തവര്‍, ഔദ്യോഗിക പ്രതിനിധിസംഘങ്ങള്‍, നയതന്ത്ര സ്ഥാപനത്തിന് കീഴിൽ വിസയുള്ളവർ, അവരുടെ കുടുംബാംഗങ്ങൾ, വിമാന ജോലിക്കാർ, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കപ്പല്‍ ജീവനക്കാര്‍, അതിര്‍ത്തികൾ കടന്നെത്തുന്ന ചരക്കുവാഹനങ്ങളിലെ ട്രക്ക് ഡ്രൈവര്‍മാർ, അവരുടെ സഹായികള്‍ എന്നിവര്‍ക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഒഴിവാക്കിയിട്ടുണ്ട്.
എട്ട് വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാരും യാത്രയുടെ 72 മണിക്കൂറിനുള്ളിൽ എടുത്ത, അംഗീകാരമുള്ള കോവിഡ് പി.സി.ആർ പരിശോധന നെഗറ്റിവ് സർട്ടിഫിക്കറ്റുകൾ സൗദിയിലെത്തിയാൽ ഹാജരാക്കേണ്ടതുണ്ട്. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കിയവർ വിമാന ടിക്കറ്റിനോടൊപ്പം ഹോട്ടല്‍ ബുക്കിങ്ങിനുള്ള തുകകൂടി അടക്കേണ്ടതുണ്ട്. സന്ദർശക വിസക്കാരാണെകിൽ കോവിഡ് ഇന്‍ഷുറന്‍സിനുള്ള തുകയും അടക്കണം. സൗദി ടൂറിസം വകുപ്പിെൻറ അംഗീകാരമുള്ള ഹോട്ടലുകളില്‍ മാത്രമേ ക്വാറൻറീൻ അനുവദിക്കൂ.
സൗദിയിലെത്തി നാല് മണിക്കൂറിനുള്ളിൽ യാത്രക്കാർ ബുക്ക് ചെയ്തിട്ടുള്ള ഹോട്ടലിൽ റിപ്പോർട്ട് ചെയ്യണമെന്നും ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സൗദിയിലേക്ക് യാത്രാവിലക്ക് നിലനിൽക്കുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർ യാത്രാ വിലക്കില്ലാത്ത മറ്റു രാജ്യങ്ങളിൽ 14 ദിവസങ്ങൾ ക്വാറൻറീൻ പൂർത്തിയാക്കി സൗദിയിലെത്തിയാലും മേൽപറഞ്ഞ നിബന്ധനകൾ അവർക്കും ബാധകമാണ്.
സൗദിയിൽ വിവിധ മേഖലകളിൽ വിദേശികൾക്കും സ്വദേശികൾക്കും കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ആഗസ്റ്റ് ഒന്ന് മുതൽ രാജ്യത്തെ ഏതെങ്കിലും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലേക്കോ വാണിജ്യ കേന്ദ്രങ്ങളിലേക്കോ പ്രവേശിക്കണമെങ്കിലും, വ്യാപാര, വാണിജ്യ, സാംസ്കാരിക, വിനോദ, കായിക പരിപാടികളിൽ പങ്കെടുക്കുന്നതിനും അത്തരം സ്ഥാപനങ്ങളില്‍ പ്രവേശിക്കാനും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും, പൊതുഗതാഗതം ഉപയോഗിക്കുന്നതിനും വാക്സിനേഷൻ നിർബന്ധമാകും.
ആഗസ്റ്റ് ഒന്ന് മുതൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക, അനധ്യാപക ജീവനക്കാർ ഹാജരാകണം. ഉയർന്ന ക്ലാസുകളിൽ പഠനം ആരംഭിക്കാനും ആലോചിക്കുന്നുണ്ടെന്നും എന്നാൽ, ഏതൊക്കെ ക്ലാസുകൾ ആരംഭിക്കണമെന്നത് വിദ്യാഭ്യാസ മന്ത്രാലയവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രാജ്യത്തുള്ള മുഴുവൻ വിദേശികളും സ്വദേശികളും സൗദി അറേബ്യ അംഗീകരിച്ച വാക്സിനേഷന് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്.
ആഗസ്റ്റ് ഒന്നു മുതല്‍ എല്ലാ വിദേശികളും സ്വദേശികളും ‘തവക്കല്‍നാ ആപ്ലിക്കേഷന്‍’ ഉപയോഗിക്കലും നിര്‍ബന്ധമാക്കിയിട്ടുണ്ട്. കോവിഡ് മുൻകരുതലിെൻറ ഭാഗമായ മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, കൈകള്‍ ശുചീകരിക്കൽ തുടങ്ങിയവ എല്ലാവരും പാലിക്കണമെന്നും സ്ഥിതിഗതികൾ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് നിരീക്ഷിച്ചുവരുന്നതായും മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല