1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2021

സ്വന്തം ലേഖകൻ: വെടിനിർത്തൽ പരിഗണനയില്ലെന്നു വ്യക്തമാക്കിയ ഇസ്രയേൽ സൈന്യം ഇന്നലെ ഗാസ മുനമ്പിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീയടക്കം 6 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. ഗാസയുടെ തെക്കൻ പട്ടണങ്ങളായ ഖാൻ യൂനിസ്, റഫാ എന്നിവിടങ്ങളിലേക്കും ഇസ്രയേൽ ആക്രമണം വ്യാപിച്ചിച്ചു. ഹമാസ് റേഡിയോ അൽ അഖ്സ വോയ്സിന്റെ ലേഖകനും കൊല്ലപ്പെട്ടു. ഇസ്രയേലിലേക്കുള്ള ഹമാസിന്റെ റോക്കറ്റാക്രമണം തുട‍ർന്നു.

ഖാൻ യൂനിസിലെ 40 അംഗ കൂട്ടുകുടുംബം താമസിച്ചിരുന്ന ഒരു വീടും ഇസ്രയേൽ ആക്രമണത്തിൽ തകർന്നടിഞ്ഞു. ആക്രമണത്തിനു മിനിറ്റുകൾക്കു മുൻപേ മുന്നറിയിപ്പായി ആദ്യ മിസൈൽ വീണതോടെ കുടുംബാംഗങ്ങൾ വീടൊഴിഞ്ഞു. ഇന്നലെ രാവിലെ 25 മിനിറ്റ് നീണ്ട വ്യോമാക്രമണത്തിൽ 40 ഒളിത്താവളങ്ങൾ തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടു.

രണ്ടാം ആഴ്ചയിലേക്കു പ്രവേശിച്ച ഇസ്രയേൽ–ഹമാസ് സംഘർഷത്തിൽ, ഗാസയിൽ ഇതുവരെ 219 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതിൽ 63 കുട്ടികളും 36 സ്ത്രീകളും ഉൾപ്പെടുന്നു. 1530 പേർക്കു പരുക്കേറ്റു. കുട്ടിയടക്കം 12 പേരാണ് ഇസ്രയേലിൽ കൊല്ലപ്പെട്ടത്.20 ലക്ഷത്തോളം ജനസംഖ്യയുള്ള ഗാസയിൽ അവശ്യ മരുന്നുകൾക്കും ഇന്ധനത്തിനും വെള്ളത്തിനും കടുത്ത ക്ഷാമമുണ്ട്. വ്യോമാക്രമണങ്ങളിൽ ഗാസയിലെ 18 ആശുപത്രികളും ക്ലിനിക്കുകളും തക‍ർന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ശക്തമായ സമ്മർദ്ദം ഉയർന്നിട്ടും ഗസ്സയിലെ നരനായാട്ട് അവസാനിപ്പിക്കാൻ തയ്യാറാകാതെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കടുംപിടുത്തം തുടരുകയാണ്. ആക്രമണം ആരംഭിച്ചതിന് പത്താം ദിവസം യു.എസ് പ്രസിഡൻറ് ജോ ബൈഡൻ നെതന്യാഹുവുമായി സാഹചര്യങ്ങൾ ചർച്ച ചെയ്തിരുന്നു. ഇരു നേതാക്കളും ഗസ്സയിലെ സംഭവങ്ങളും ഹമാസി​െൻറയും മറ്റു തീവ്രവാദി സംഘടനകളുടെയും ശേഷി നിർവീര്യമാക്കുന്നതിലെ പുരോഗതിയും ഒപ്പം മേഖലയിലെ ശക്​തികൾ നടത്തുന്ന ശ്രമങ്ങളും വിശദമായി ചർച്ച നടത്തിയതായി വൈറ്റ്​ഹൗസ്​ വാർത്ത കുറിപ്പിൽ പറഞ്ഞു.

എന്നാൽ, ലക്ഷ്യം കാണുന്നതുവരെ ആക്രമണം തുടരാൻ പ്രതിജ്ഞാബദ്ധമാണെന്നാണ് ബൈഡനുമായുള്ള സംഭാഷണത്തിനു ശേഷം നെതന്യാഹു പ്രതികരിച്ചത്. ഹമാസും ഇസ്രായേലും തമ്മിൽ വെടിനിർത്തലിൽ എത്തുന്നതിനായുള്ള നയതന്ത്ര ഇടപെടലുകളും വിജയംകണ്ടില്ല. ആക്രമണം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സംയുക്തപ്രസ്താവന ഇറക്കുന്നതിൽ നിന്നും ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയെ അമേരിക്ക നിരന്തരം പിന്തിരിപ്പിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.