
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവുംസുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ മൂന്ന് അറബ് രാജ്യങ്ങൾ. പ്രവാസികളുടെ താമസ സുരക്ഷിതത്വം, മികച്ച സൗകര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഇന്റർനാഷൺസിന്റെ എക്സ്പാറ്റ് ഇൻസൈഡർ ആഗോള റിപ്പോർട്ടിലാണ് ഈ നേട്ടമുള്ളത്. 59 രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് യു.എ.ഇ.യും അഞ്ചാം സ്ഥാനത്ത് ഒമാനും ഒമ്പതാം സ്ഥാനത്ത് ഖത്തറുമാണ്.
മറ്റ് അറബ് രാജ്യങ്ങളായ ബഹ്‌റൈൻ (17), സൗദി അറേബ്യ (24), കുവൈത്ത്(39) എന്നിങ്ങനെയും പട്ടികയിൽ ഇടംനേടി. ഗതാഗതസൗകര്യം, ആരോഗ്യം, പരിസ്ഥിതി, ഡിജിറ്റൽ സൗകര്യങ്ങൾ, വിനോദസമയങ്ങൾ എന്നിങ്ങനെ വിദേശപൗരൻമാരുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഏഴുകാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് സുരക്ഷിതരാജ്യങ്ങളെ തിരഞ്ഞെടുത്തത്.
ജീവിതനിലവാരത്തിൽ ഒമാൻ ലോകത്ത് 32 -ാം സ്ഥാനത്തും ഗൾഫ് രാജ്യങ്ങളിൽ മൂന്നാംസ്ഥാനത്തുമാണ്. യു.എ.ഇ. പതിനേഴാം സ്ഥാനത്തുണ്ട്. ഖത്തർ (23) സൗദി അറേബ്യ (41), കുവൈത്ത് (59) സ്ഥാനത്തും ഇടംപിടിച്ചു. പരിസ്ഥിതിനിലവാരത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തും ലോകത്ത് 17-ാമതുമാണ് ഒമാൻ. യു.എ.ഇ. (35), ബഹ്‌റൈൻ (42), സൗദി അറേബ്യ (44), കുവൈത്ത് (58) എന്നിങ്ങനെയാണ് മറ്റ് ഗൾഫ് രാജ്യങ്ങളുടെ സ്ഥാനം.
സൗഹാർദപൂർണമായ രാജ്യങ്ങളുടെ പട്ടികയിൽ ലോകത്ത് നാലാംസ്ഥാനത്താണ് ഒമാൻ. ബഹ്‌റൈൻ 14-ാമതും ഗൾഫ് രാജ്യങ്ങളിൽ രണ്ടാമതുമാണ്. യു.എ.ഇ. (21), സൗദി (32), ഖത്തർ (36), കുവൈത്ത് (59) എന്നിങ്ങനെയാണ് മറ്റ് ഗൾഫ് രാജ്യങ്ങളുടെ സ്ഥാനങ്ങൾ. ജീവിത ചെലവുകൾ പരിഗണിച്ച് ഒരു പ്രവാസിക്ക് ജീവിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഒമാനെന്നും റിപ്പോർട്ടിലുണ്ട്.. ഇക്കാര്യത്തിൽ അന്താരാഷ്ട്രതലത്തിൽ ഒമാന് 21-ാം സ്ഥാനമാണ്. ബഹ്‌റൈൻ (26), സൗദി അറേബ്യ (30), യു.എ.ഇ (44), ഖത്തർ (49), കുവൈത്ത് (53)എന്നിങ്ങനെയാണ് മറ്റുഗൾഫ് രാജ്യങ്ങളുടെ സ്ഥാനം.
വോട്ടെടുപ്പിൽ പങ്കെടുത്ത ഗൾഫ് രാജ്യങ്ങളിലെ 82 ശതമാനം പ്രവാസികളും യു.എ.ഇ.യിലെ ജീവിതത്തിൽ സംതൃപ്തരാണെന്ന് വ്യക്തമാക്കി. ഒമാനിലെ ജീവിതത്തിൽ 80 ശതമാനം പേർ സംതൃപ്തരാണ്. ഖത്തർ (79 ശതമാനം), ബഹ്‌റൈൻ (76) എന്നിങ്ങനെ തൊട്ടുപിന്നിലുണ്ട്. ഗൾഫ് രാജ്യങ്ങളിലെ മൊത്തത്തിലുള്ള സംതൃപ്തി റേറ്റിങ് 77 ശതമാനമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല