
സ്വന്തം ലേഖകൻ: യുവ ഗുസ്തി താരം സാഗർ റാണയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഒളിമ്പിക് ഗുസ്തി മെഡൽ ജേതാവ് സുശീൽ കുമാറിന് ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് ഡൽഹി പോലീസ്. സാഗർ റാണയെ മർദ്ദിക്കുമ്പോൾ പരിക്കേറ്റ സോനു മഹൽ ഉത്തരേന്ത്യയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവായ സന്ദീപ് കാലയെന്ന കാല ജതേദിയുടെ അടുത്ത ബന്ധുവാണെന്നും കാല ജതേദിയുമായി സുശീലിന് അടുത്ത ബന്ധമുണ്ടായിരുന്നതായും പോലീസ് പറയുന്നു.
എന്നാൽ സോനുവിനെ സുശീൽ മർദ്ദിച്ചതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടായതായും പോലീസ് വ്യക്തമാക്കുന്നു. സോനുവിനെതിരേ 19 ക്രിമിനൽ കേസുകളുണ്ട്. സാഗർ റാണയേയും സോനുവിനേയും മർദ്ദിക്കുന്നതിന് സുശീലിന് മറ്റൊരു കൊടുംകുറ്റവാളിയായ നീരജ് ബവാനയുടെ സംഘത്തിന്റെ പിന്തുണ ലഭിച്ചിരുന്നു.
സംഭവസ്ഥലത്ത് നിന്ന് ലഭിച്ച സ്കോർപിയോ കാർ ബവാനയുടെ ബന്ധുവിന്റേതാണെന്നും പോലീസ് സ്ഥിരീകരിച്ചു. ബവാനയെ കുറിച്ച് വിവരം ലഭിക്കുന്നവർക്ക് പോലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ മേയ് നാലിനാണ് ഇരുപത്തിമൂന്നുകാരനായ സാഗർ റാണയേയും സാഗറിന്റെ രണ്ട് സുഹൃത്തുക്കളേയും സുശീൽ കുമാറും കൂട്ടാളികളും ചേർന്ന് മർദ്ദിച്ചത്.
ക്രൂരമായ മർദ്ദനത്തിനരായ മൂന്നു പേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ സാഗർ മരിച്ചു. തുടർന്ന് ഒളിവിലായ സുശീലിനേയും മറ്റൊരു പ്രതിയായ അജയ് കുമാറിനേയും വെസ്റ്റ് ഡൽഹിയിലെ മുണ്ട്ക ടൗണിൽവെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. 18 ദിവസത്തോളം ഇരുവരും പോലീസിനെ വെട്ടിച്ചുകഴിഞ്ഞു. പിന്നാലെ നടന്ന ചോദ്യം ചെയ്യലിൽ കൊലപാതകം നടക്കുമ്പോൾ താൻ ഛത്രസാൽ സ്റ്റേഡിയത്തിലുണ്ടായിരുന്നതായി സുശീൽ കുമാർ സമ്മതിച്ചിരുന്നു. നിലവിൽ ആറു ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് സുശീൽ കുമാർ.
കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സുശീലിനെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മറ്റുള്ള ഗുസ്തി താരങ്ങളുടെ മുന്നിൽവെച്ച് സാഗർ സുശീലിനെക്കുറിച്ച് മോശമായി സംസാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. നേരത്തെ അറസ്റ്റ് തടയണമൊവശ്യപ്പെട്ട് മേയ് പതിനെട്ടിന് സുശീൽ ഡൽഹി രോഹിണിയിലെ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മുൻകൂർ ജാമ്യപേക്ഷ കോടതി തള്ളി.
സുശീൽ കുമാറിന് വധശിക്ഷ നൽകണമെന്ന്ആവശ്യപ്പെട്ട് സാഗർ റാണയുടെ മാതാപിതാക്കൾ. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും സാഗർ റാണയുടെ പിതാവ് അശോകൻ വ്യക്തമാക്കി. ഗുസ്തിയിൽ മാതൃകാ താരമാകാൻ സുശീൽ കുമാർ യോഗ്യനല്ലെന്നും എല്ലാ മെഡലുകളും തിരിച്ചെടുക്കണമെുന്നം സാഗർ റാണയുടെ മാതാവ് വ്യക്തമാക്കി.
രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ ജേതാവാണ് സുശീൽ. 2008-ലെ ബെയ്ജിങ് ഒളിമ്പിക്സിൽ വെങ്കലവും 2012-ലെ ലണ്ടൻ ഒളിമ്പിക്സിൽ വെള്ളിയും നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല