
സ്വന്തം ലേഖകൻ: ബഹ്റൈനിൽ പുതിയ കോവിഡ് പ്രോട്ടോകോൾ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതൽ നിലവിൽ വരുന്ന പുതിയ നിയന്ത്രണം സംബന്ധിച്ച് വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രാലയം വ്യക്തത വരുത്തി ഉത്തരവിറക്കി. ഇതനുസരിച്ച് ഉപഭോക്താക്കൾക്ക് നേരിട്ട് സാധനങ്ങളോ സേവനങ്ങളോ നൽകുന്ന വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല.
ഇത്തരം സ്ഥാപനങ്ങൾക്ക് ഓൺലൈനായും സമൂഹ മാധ്യമങ്ങൾ വഴിയും ഒാർഡർ സ്വീകരിച്ച് സാധനങ്ങളും സേവനങ്ങളും ഡെലിവറി ചെയ്യാം. റസ്റ്റാറൻറുകൾക്കും മറ്റ് ഭക്ഷണ വിൽപന ശാലകൾക്കും ടേക് എവേ, ഹോം ഡെലിവറി രീതിയിൽ പ്രവർത്തിക്കാം. ഹൈപ്പർ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, കോൾഡ് സ്റ്റോറുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
പുതിയ പ്രോട്ടോകോൾ പ്രകാരം കോവിഡ് രോഗിയുമായി അടുത്ത സമ്പർക്കത്തിൽ വരുന്നവർ വിവരം ലഭിച്ചാൽ ഉടൻതന്നെ വീട്ടിൽ ക്വാറൻറീനിൽ കഴിയണം. ഇവർ ബീ അവെയർ മൊബൈൽ ആപിൽ ക്വാറൻറീൻ ഫീചർ ആക്ടിവേറ്റ് ചെയ്യണം 50 വയസ്സിനു മുകളിൽ പ്രായമുള്ളവരും ലക്ഷണങ്ങളുമുള്ളവരും ആദ്യ ദിവസവും ക്വാറൻറീൻ കഴിയുന്ന 10ാം ദിവസവും ടെസ്റ്റ് ചെയ്യണം.
ലക്ഷണങ്ങളില്ലാത്ത, 49 വയസിൽ താഴെയുള്ളവർ ക്വാറൻറീൻ തീരുന്ന 10ാം ദിവസം ടെസ്റ്റ് ചെയ്താൽ മതിയാകും. ക്വാറൻറീനിൽ കഴിയുന്നവർക്ക് വേണമെങ്കിൽ സ്വകാര്യ ക്ലിനിക്കിൽ ടെസ്റ്റ് ചെയ്യാം. ക്ലിനിക്കുകളുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല