
സ്വന്തം ലേഖകൻ: കുവൈത്തില്‍ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,095 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണം 1,771 ആയി. ആകെ കോവിഡ് കേസുകള്‍ 3,07,812 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,180 പേര്‍ കൂടി രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 2,92,701 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,227 പേരില്‍ നടത്തിയ പരിശോധനയിലാണ് 1,095 പേരില്‍ കോവിഡ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് 2, 596,807 പേരില്‍ രോഗ പരിശോധന നടത്തിയതായും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ശതമാനമാണ്. നിലവില്‍ 13,340 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 144 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നതയും ഡോ അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.
കോവിഡ് മുന്‍നിര പോരാളികള്‍ക്കായി 600 മില്യണ്‍ ദിനറിന്റെ ബില്ല് കുവൈത്ത് ദേശീയ അസംബ്ലി പാസ്സാക്കി. 2,00,000 പേര്‍ക്ക് സാമ്പത്തിക അനുകൂല്യം ലഭ്യമാകുമെന്ന് ദേശീയ അസംബ്ലിയുടെ പ്രത്യേക സെഷനില്‍ ധനകാര്യ മന്ത്രി ഖലീഫ ഹമാദാ അറിയിച്ചു. മുന്‍നിര പോരാളികളെ രണ്ടായി തരംതിരിച്ചു വളരെ കൂടുതല്‍ അപകട സാധ്യത പട്ടികയില്‍ ഉള്‍പെടുന്നവരും ഇടത്തരം അപകട സാധ്യത പട്ടികയില്‍ ഉള്‍പെടുന്നവരായും കണക്കാക്കും.
കൂടാതെ കോവിഡ് പോരാട്ടത്തിനിടയില്‍ വീരമൃത്യു മരിച്ച സ്വദേശികളെ രക്തസാക്ഷികളായി കണക്കാക്കുമെന്നും ധനകാര്യമന്ത്രി അറിയിച്ചു. വീരമൃത്യു ഉണ്ടായ വിദേശികള്‍ക്കു പത്തു മടങ്ങ് ശമ്പളം പ്രതിഫലം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് പ്രതിരോധ മുന്‍നിര പോരാളികളില്‍ മലയാളികളടക്കം നിരവധി വിദേശികളും ഉള്‍പ്പെടുന്നു. അതോടൊപ്പം പോരാട്ടത്തിനിടയില്‍ നിരവധി വിദേശികള്‍ക്കു ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല