
സ്വന്തം ലേഖകൻ: കോവിഡ് മൂന്നാം തരംഗത്തിന് യുകെയില്‍ തുടക്കമായിട്ടുണ്ടാകാമെന്ന് സര്‍ക്കാരിന് ശാസ്ത്ര ഉപദേഷ്ടാവിന്റെ മുന്നറിയിപ്പ്. ജൂണ്‍ 21-ന് ബ്രിട്ടണിലെ എല്ലാ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും അവസാനിക്കാനിരിക്കെയാണ് മുന്നറിയിപ്പ്. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ ബി.1.617.2 വകഭേദം രാജ്യത്ത് ‘ക്രമാതീതമായ വ്യാപനത്തിന്’ കാരണമായതായി ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
റോഡ് മാപ്പ് പ്രകാരം ജൂണ്‍ 21-ന് കോവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനം നീട്ടിവെക്കണമെന്ന് സര്‍ക്കാരിനോട് ശാസ്ത്ര ഉപദേഷ്ടാവായ പ്രഫസര്‍ രവി ഗുപ്ത നിര്‍ദേശിച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി യുകെയില്‍ പ്രതിദിനം മുവായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 12-ന് ശേഷമാണ് കേസുകളില്‍ വര്‍ധനവ് വന്നു തുടങ്ങിയത്. പുതിയ കേസുകളിലെ കണക്കനുസരിച്ച് 75 ശതമാനവും ഇന്ത്യയില്‍ കണ്ടുവന്ന വകഭേദമാണെന്ന് രവി ഗുപ്ത പറയുന്നു.
യുകെ ജനസംഖ്യയുടെ നല്ലൊരു ഭാഗം പ്രതിരോധ കുത്തിവെയ്പ്പ് എടുത്തതിനാല്‍ മൂന്നാം തരംഗം രൂക്ഷിതമാകാന്‍ മുമ്പുള്ള തരംഗങ്ങളേക്കാള്‍ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അണ്‍ലോക്ക് നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് കൂടുതല്‍ ബുദ്ധിപരമായ നീക്കങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കൊറോണ വൈറസ് വ്യാപനം തടയാനുള്ള അടച്ചുപൂട്ടൽ മൂലം പഠനം താറുമാറായ വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള 15 ബില്യൺ ഡോളറിന്റെ ക്യാച്ച്-അപ്പ് പ്രോഗ്രാമിൻ്റെ ഭാഗമായി ഓരോ ദിവസവും അരമണിക്കൂറോളം കൂടുതൽ സമയം സ്കൂളുകൾ പ്രവർത്തിക്കേണ്ടി വരുമെന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എല്ലാ കുട്ടികൾക്കും 2022 മുതൽ ഓരോ വർഷവും 100 മണിക്കൂർ അധിക വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് ഈ നീക്കത്തിലൂടെ സർക്കാരിൻ്റെ ലക്ഷ്യം.
കൂടാതെ, വിദ്യാർത്ഥികൾക്ക് അവരുടെ എ-ലെവലോ കോഴ്സുകളോ കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ കോളേജിൽ ഒരു അധിക വർഷമോ അല്ലെങ്കിൽ സിക്സ്ത്ത് ഫോമോപരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വിദ്യാർഥികളും രക്ഷിതാക്കളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്യാച്ച്-അപ്പ് പ്രോഗ്രാമിനായി പദ്ധതികൾ ആവിഷ്കരിക്കുന്നതിന് സാധ്യമായ എല്ലാ വഴികളും നോക്കുമെന്ന് സർക്കാറിന്റെ വിദ്യാഭ്യാസ വീണ്ടെടുക്കൽ കമ്മീഷണർ സർ കെവാൻ കോളിൻസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല