
സ്വന്തം ലേഖകൻ: ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തിനു സമീപം തീപിടിച്ച ചരക്കുകപ്പൽ കടലിൽ താഴാൻ തുടങ്ങിയതായി ലങ്കൻ നേവി അറിയിച്ചു. സിംഗപ്പുരില്‍ രജിസ്റ്റര്‍ ചെയ്ത എക്സ്പ്രസ് പേള്‍ എന്ന കപ്പലിലാണു തീപിടിത്തമുണ്ടായത്. രണ്ടാഴ്ച നീണ്ട കഠിന പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രിക്കാനായെങ്കിലും കപ്പല്‍ കടലില്‍ താഴുന്നതാണ് ഭീഷണിയാകുന്നത്.
ഗുജറാത്തിൽനിന്നു കൊളംബോയിലേക്കു രാസവസ്തുക്കളുമായി പോവുകയായിരുന്നു ചരക്കുകപ്പൽ. 12 ദിവസമായി കത്തുന്ന കപ്പലിന്റെ പിൻഭാഗം കടലിൽ താഴ്ന്നതായി ലങ്കൻ നാവികസേനാ വക്താവ് ഇൻഡിക ഡി സിൽവ പറഞ്ഞു. നങ്കൂരമിട്ടിരിക്കുന്ന സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കപ്പൽ മാറ്റുന്നതിനുള്ള ശ്രമം ഇന്നലെ രാവിലെ നടത്തിയെങ്കിലും വിജയിച്ചില്ല. ലങ്കൻ പ്രസിഡന്റ് ഗോട്ടബയ രജപക്സെയുടെ നിർദേശത്തെത്തുടർന്നാണ് കപ്പൽ ആഴക്കടലിലേക്കു മാറ്റാൻ ശ്രമം നടന്നത്.
പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനു വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു നടപടി. ശ്രീലങ്കന്‍ തീരമേഖലയിലുള്‍പ്പെടെ വലിയ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് ഇതു വഴിവയ്ക്കുമെന്നാണ് ആശങ്ക. 25 ടണ്‍ നൈട്രിക് ആസിഡും അസംസ്കൃത മൈക്രോ പ്ലാസ്റ്റിക് തരികളുമാണ് കപ്പലിലുള്ളത്. തീപിടിത്തത്തില്‍ ഇവയിലേറെ നശിക്കുകയും കുറേ കടലില്‍ വീഴുകയും ചെയ്തിരുന്നു. ഇതിനുപുറമേ കപ്പലില്‍നിന്നുള്ള ഓയില്‍ ചോര്‍ച്ചയും ഭീഷണിയാകുന്നുണ്ട്.
കപ്പലിനെ കടലിന്റെ അടിത്തട്ടിലേക്കു താഴ്ത്തിവിടാനാണു ലങ്കന്‍ നാവികസേനയുടെ ശ്രമം. മാലിന്യം പൂര്‍ണമായി കടലിനടിയിലേക്കു തള്ളുന്നതു വലിയ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുമെന്ന് പരിസ്ഥിതിപ്രവര്‍ത്തകയായ ഡോ. അജന്ത പെരേര ചൂണ്ടിക്കാട്ടി. കപ്പല്‍ മുങ്ങുമ്പോള്‍ തീരമേഖലയില്‍ മാത്രമല്ല കടലിന്റെ അടിത്തട്ടുള്പ്പെടെ കടുത്ത മലിനീകരണം നേരിടുമെന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല