
സ്വന്തം ലേഖകൻ: എത്രയും വേഗം വാക്സീനെടുത്ത് കോവിഡ് 19 ൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കമെന്ന് അമേരിക്കൻ ജനതയോട് ജോ ബൈഡൻ്റെ ആഹ്വാനം. അമേരിക്കൻ ജനസംഖ്യയിൽ പകുതിപ്പേരും വാക്സീൻ സ്വീകരിച്ച് കഴിഞ്ഞതായി നേരത്തേ വൈറ്റ് ഹൗസ് റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷത്തിൽ ജനസംഖ്യയുടെ 70 ശതമാനം പേരിലേക്ക് വാക്സീൻ എത്തിക്കുക എന്നതാണ് വൈറ്റ് ഹൗസിന്റെ ലക്ഷ്യം.
വാക്സീൻ എടുക്കാൻ മടിക്കേണ്ടെന്നും ഒരു ബീയർ കുടിച്ച് കൂളായി വാക്സീനെടുത്ത് സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കൂവെന്നുമാണ് പ്രസിഡന്റ് ജനങ്ങളോട് പറയുന്നത്. ലോട്ടറിയും ബീയറും മുതൽ നല്ല സ്റ്റൈലൻ ഹെയർ കട്ട് വരെ സമ്മാനമായി വാഗ്ദാനം ചെയ്താണ് വാക്സീൻ എടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. യൂണിവേഴ്സിറ്റികളും സമ്പൂർണ വാക്സീനേഷൻ ദൗത്യത്തിൽ സർക്കാരിനൊപ്പം കൈകോർത്തിട്ടുണ്ട്. ലക്ഷക്കണക്കിന് അമേരിക്കക്കാർക്കാണ് കോവിഡിൽ ജീവൻ നഷ്ടമായത്.
ഒട്ടുമിക്ക സംസ്ഥാനങ്ങളും സൗജന്യവാക്സീൻ സേവനം 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്. പരമാവധി വേഗത്തിൽ ലക്ഷ്യത്തിലെത്താനാണ് ബൈഡൻ സർക്കാരിന്റെ തീരുമാനം. ഇതിനായി വൻകിട ബ്രൂവറുമാരായ ആൻഹ്യൂസർ ബുഷ് മുതൽ ഹെയർ സലൂണുകളുമായി വരെ കരാർ വൈറ്റ്ഹൗസ് ഉണ്ടാക്കിയിട്ടുണ്ട്. എന്ത് ഓഫർ നൽകിയിട്ടായാലും വാക്സീൻ പരമാവധി ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് സർക്കാർ നിർദ്ദേശം.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ കോവിഡ് കേസുകളും മരണങ്ങളും കുറയുന്നതായാണ് കാണുന്നത്. രാജ്യത്തു മതിയായ കോവിഡ് പ്രതിരോധ വാക്സീനുകള്‍ ഇപ്പോള്‍ ഉണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍. വാക്സിനേഷന് കൃത്യമായി നടപ്പിലാക്കിയാല്‍ യുഎസ് വൈകാതെ പഴയനിലയിലേക്കു മാറുമെന്നാണു സൂചനകള്‍.
അതിനിടെ വാക്സീൻ സ്വീകരിക്കുവാൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന ലക്ഷ്യത്തോടെ വെസ്റ്റ് വെർജിനിയ ഗവർണർ ജിം ജസ്റ്റിസ് പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തി. ഇതിൽ ഒരു മില്യൺ ലോട്ടറി, ട്രക്കുകൾ, സ്കോളർഷിപ്പുകൾ, ആജീവനാന്ത ഹണ്ടിങ്ങ്, ഫിഷിംഗ് ലൈസെൻസുകൾ, സ്റ്റേറ്റ് പാർക്കിലേക്കുള്ള സൗജന്യ പാസ്സുകൾ ഇതിനെല്ലാം പുറമെ കസ്റ്റം മേയ്സ് റൈഫിൾസും, ഷോട്ട് ഗൺസും ഉൾപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല