1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2021

സ്വന്തം ലേഖകൻ: എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കാൻ ബ്രിട്ടനിൽ അടുത്തവർഷം സ്പെഷൽ ബാങ്ക് ഹോളിഡേ പ്രഖ്യാപിച്ചു. മേയ് അവസാനത്തെ ബാങ്ക് ഹോളിഡേ ജൂൺ രണ്ടാം തിയതി വ്യാഴാഴ്ചത്തേക്ക് മാറ്റി, ഇതോടൊപ്പം മൂന്നാം തിയതി വെള്ളിയാഴ്ച കൂടി സ്പെഷൽ ബാങ്ക് ഹോളിഡേ പ്രഖ്യാപിച്ചാണ് ലോങ് വീക്കെൻഡിലെ ആഘോഷങ്ങൾ.

1952 ജൂൺ ആറിനായിരുന്നു ഇരുപത്തിയഞ്ചാം വയസിൽ എലിസബത്ത് രാജ്ഞി ബ്രിട്ടന്റെ പരമാധികാരിയായി കിരീടമണിഞ്ഞത്. പ്ലാറ്റിനം പാർട്ടി, എന്ന പേരിൽ വലിയ ആഘോഷങ്ങളാണ് ബക്കിംങ്ങാം പാലസ് ഓരുക്കുന്നത്. ലോകോത്തര കലാകാരന്മാരെ അണിനിരത്തിയുള്ള പ്ലാറ്റിനം പാർട്ടിക്ക് ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 1,400 പട്ടാളക്കാരും 200 കുതിരകളും നാനൂറിലേറെ വാദ്യക്കാരും പങ്കെടുക്കുന്ന സ്പെഷൽ പരേഡും ആഘോഷങ്ങളോടനുബന്ധിച്ച് നടക്കും. റോയൽ എയർഫോഴ്സിന്റെ ഫ്ലൈ പാസ്റ്റും പരേഡിന് അകമ്പടിയായുണ്ടാകും.

95 കാരിയായ രാജ്ഞി ബക്കിംങ്ങാം പാലസിന്റെ ബാൽക്കണിയിൽനിന്ന് പരേഡിനെ അഭിവാദ്യം ചെയ്യും. ട്രൂപ്പിംങ് കളർ പരേഡിൽ രാജ്ഞി നേരിട്ട് പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങൾക്കു പുറമേ ചാനൽ ഐലൻസ്, ഐൽ ഓഫ് മാൻ തുടങ്ങിയ യുകെയുടെ ഓവർസീസ് ടെറിട്ടറികളിലും വിവിധ കോമൺവെൽത്ത് രാജ്യങ്ങളിലും വ്യത്യസ്തമായ ആഘോഷങ്ങൾ നടക്കും.

സെന്റ് പോൾസ് കത്തീഡ്രലിലെ താങ്ക്സ് ഗിവിംങ് മാസോടെയാകും ആഘോഷങ്ങൾ സമാപിക്കുക. കോവിഡ് സാഹചര്യങ്ങൾ പൂർണമായും മാറിയാൽ സ്ട്രീറ്റ് പാർട്ടികൾകൊണ്ടും ജൂബിലി ലഞ്ചുകൊണ്ടുമെല്ലാം ബ്രിട്ടന്റെ തെരുവുകൾ രാജ്ഞിയുടെ കിരീടധാരണത്തിന്റെ എഴുപതാം വാർഷികം വൻ ആഘോഷമാക്കും.

അതിനിടെ ബ്രിട്ടനിൽ കോവിഡ് കേസുകൾ ഒരാഴ്ചയ്ക്കുള്ളിൽ 36 ശതമാനത്തിലധികം ഉയർന്ന് 4,330 ലെത്തി. ഒരാഴ്‌ചയ്‌ക്കുള്ളിൽ 4,000 ത്തിൽ കൂടുതൽ കേസുകൾ എത്തിയ രണ്ടാമത്തെ ദിവസമാണ് ഇന്നലെ കടന്നു പോയത്. പന്ത്രണ്ട് കോവിഡ് മരണങ്ങളും ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ചത്തെ കണക്കിൽ നിന്ന് 36 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.

ബ്രിട്ടനിലെ വാക്സിൻ റോൾഔട്ട് വളരെ വേഗത്തിൽ തുടരുകയാണ്. 108,607 ആദ്യ ഡോസുകൾ ഇന്നലെ യുകെയിലുടനീളം നൽകി. ഇതോടെ രാജ്യത്തെ മൊത്തം വാക്സിൻ ലഭിച്ചവരുടെ എണ്ണം 39.6 ദശലക്ഷമായി, മുതിർന്നവരുടെ 75 ശതമാനത്തിലധികമാണിത്. ഏകദേശം 338,565 സെക്കൻഡ് ഡോസുകളും നൽകി, അതായത് 26.1 ദശലക്ഷം ആളുകൾക്ക് രാജ്യത്ത് പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട് (49.5 ശതമാനം).

അതേസമയം ഇന്ത്യൻ വേരിയൻറ് ഹോട്ട്‌സ്‌പോട്ടുകൾ കേന്ദ്രീകരിച്ചിരിക്കുന്ന നോർത്ത് വെസ്റ്റിൽ മാത്രമാണ് കോവിഡിനൊപ്പം ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം വർദ്ധിക്കുന്നതെന്ന് സർക്കാരിന്റെ കണക്കുകൾ കാണിക്കുന്നു. മെയ് അവസാന രണ്ടാഴ്ചയ്ക്കിടെ 24 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. വാർഡുകളിൽ 177 കോവിഡ് രോഗികളാണുള്ളത്.

ഇന്നലെ ഒരു സ്കൂൾ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിച്ച ജോൺസൺ ജൂൺ 21 ന് ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിക്കുന്നത് മുന്നോട്ട് പോകുന്നതിന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചുവെങ്കിലും വ്യാപനം വർദ്ധിച്ചു വരികയാണെന്നും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഓർമ്മിപ്പിച്ചു.

ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിനായി ജനങ്ങൾ ‘കുറച്ചുനേരം കാത്തിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിൻ്റെ ശാസ്ത്ര ഉപദേഷ്ടാക്കളിൽ ഒരാളായ ഓക്സ്ഫോർഡ് മെഡിസിൻ പ്രൊഫസർ സർ ജോൺ ബെൽ, റോഡ്മാപ്പിന് മുന്നോട്ട് പോകാൻ കഴിയുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.