
സ്വന്തം ലേഖകൻ: ജി-7 ഉച്ചകോടിക്കായി അടുത്തയാഴ്ച ലണ്ടനിലെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ 13നു ഞായറാഴ്ച എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിൻസർ കാസിലിലാകും ഇരുവരുടെയും കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ടുകൾ. അധികാരത്തിലിരിക്കെ എലിസബത്ത് രാജ്ഞി ആതിഥേയത്വമരുളുന്ന പന്ത്രണ്ടാമത്തെ അമേരക്കൻ പ്രസിഡന്റാണു ജോ ബൈഡൻ.
പ്രധാനമന്ത്രി ബോറിസ് ജോൺസണുമായും പ്രസിഡന്റ് പ്രത്യേക ചർച്ചകൾ നടത്തും. പത്താം തിയതി നടക്കുന്ന ഈ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര- വാണിജ്യ വിഷയങ്ങൾ ചർച്ചയാകും. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്നത് കണക്കിലെടുത്ത് ജൂണില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
കോവിഡ് വാക്സിൻ്റെ രണ്ട് ഡോസുകളും എടുത്ത എലിസബത്ത് രാജ്ഞി, വിദേശ അംബാസഡർമാരുമായുള്ള ഭൂരിഭാഗം കൂടിക്കാഴ്ചകളും വിർച്ച്വൽ ആയാണ് നടത്തുന്നത്. കോവിഡ് മഹാമാരിയ്ക്ക് ശേഷം ഒരു വിദേശ രാഷ്ട്രത്തലവനുമായുള്ള രാജ്ഞിയുടെ വ്യക്തിപരമായ ആദ്യ കൂടിക്കാഴ്ചയാണിത്. മെയ് 11 ന് പാർലമെൻ്റിനെ അഭിംസംബോധന ചെയ്തതിന് ശേഷമുള്ള രാജ്ഞിയുടെ ആദ്യ ഔദ്യോഗിക ചടങ്ങുകൂടിയാണ് ബൈഡനുമായുള്ള ചർച്ച.
കിരീടധാരണത്തിനു മുമ്പ് രാജകുമാരിയായിരിക്കെ 1951ൽ അന്നത്തെ അമേരിക്കൽ പ്രസിഡന്റ് ഹാരി ട്രൂമാനെയാണ് എലിസബത്ത് രാജ്ഞി ആദ്യം ബക്കിങ്ഹാം കൊട്ടാരത്തിൽ സ്വീകരിച്ചത്. പിന്നീട് 69 വർഷത്തെ അധികാര കാലയളവിനിടെ ലണ്ടൻ ജോൺസൺ ഒഴികെയുള്ള എല്ലാ അമേരിക്കൻ പ്രസിഡന്റുമാരെയും രാജ്ഞി കൊട്ടാരത്തിൽ സ്വീകരിച്ചു. കെന്നഡി, നിക്സൺ, റൊണാൾഡ് റെയ്ഗൺ, ജോർജ് ബുഷ് സീനിയർ, ജോർജ് ബുഷ് ജൂണിയർ, ബിൽ ക്ലിന്റൺ, ഒബാമ, ട്രംപ് തുടങ്ങി ഒടുവിൽ ജോ ബൈഡനിൽ എത്തിനിൽക്കുകയാണ് വിശിഷ്ടാതിഥികളുടെ നിര.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല