
സ്വന്തം ലേഖകൻ: മൂന്നിനും 17നുമിടെ പ്രായമുള്ള കുട്ടികളില്‍ ‘കൊറോണവാക്’ വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ചൈന. ചൈനീസ് കമ്പനിയായ സിനോവാകാണ് കൊറോണവാക് നിര്‍മിക്കുന്നത്. കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി വാക്‌സിന് ലഭിച്ചതായി സിനോവാക് ചെയര്‍മാനാണ് മാധ്യമങ്ങളെ അറിയിച്ചത്.
വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ സിനോവാക് പൂര്‍ത്തിയാക്കിയിരുന്നു. മൂന്നിനും 17നുമിടെ പ്രായമുള്ള നൂറുകണക്കിനുപേര്‍ പരീക്ഷണത്തിന്റെ ഭാഗമായെന്നും വാക്‌സിന്‍ മുതിര്‍ന്നവര്‍ക്കെന്നപോലെ കുട്ടികള്‍ക്കും സുരക്ഷിതമാണെന്നുമാണ് കമ്പനിയുടെ അവകാശവാദം. എന്നാല്‍, ഏത് പ്രായമുള്ള കുട്ടികളിലാണ് വാക്‌സിന്‍ കുത്തിവെക്കേണ്ടത് എന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് ചൈനയിലെ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.
ചൈനയുടെ രണ്ടാമത്തെ കോവിഡ് വാക്‌സിന് ജൂണ്‍ ഒന്നിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിരുന്നു. ഇതിനോടകം അഞ്ച് വാക്‌സിനുകള്‍ക്ക് ചൈന അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 76.3 കോടി ഡോസ് കോവിഡ് വാക്‌സിനുകള്‍ കുത്തിവച്ചുവെന്നാണ് ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ വ്യക്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല