1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2021

സ്വന്തം ലേഖകൻ: ഇസ്രായേലിൽ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്ന പ്രതിപക്ഷ സഖ്യത്തിനെതിരെ ആരോപണങ്ങളുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പു തട്ടിപ്പാണു മാര്‍ച്ചിലെ പൊതു തെരഞ്ഞെടുപ്പില്‍ നടന്നതെന്നു നെതന്യാഹു ആരോപിച്ചു.

രാഷ്ട്രീയ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന് ഇസ്രാഈല്‍ ആഭ്യന്തര സുരക്ഷാ വിഭാഗം മേധാവി മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണു നെതന്യാഹുവിന്റെ പ്രസ്താവനയും വന്നിരിക്കുന്നത്. ലികുഡ് പാര്‍ട്ടിയിലെ പാര്‍ലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ലോകത്ത് ഇതിലും വലിയ തെരഞ്ഞെടുപ്പു തട്ടിപ്പു നടന്ന ഒരു ജനാധിപത്യ രാഷ്ട്രവുമുണ്ടാകില്ലെന്ന് ഉറപ്പാണ്. തട്ടിപ്പും വാക്കുമാറ്റലും നടത്തുന്നവരുടെ സര്‍ക്കാരിനെ ഞാനും ലികുഡ് പാര്‍ട്ടിയിലെ സുഹൃത്തുക്കളും അതിശക്തമായി എതിര്‍ക്കും. ഇനി അവര്‍ അധികാരത്തിലെത്തിയാലും ആ സര്‍ക്കാരിനെ എത്രയും വേഗം താഴെയിറക്കുകയും ചെയ്തിരിക്കും,” നെതന്യാഹു പറഞ്ഞു. ഇടതുപക്ഷ പാര്‍ട്ടികളടങ്ങിയ സഖ്യം ഇസ്രാഈലിന് ഭീഷണിയാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാല് തെരഞ്ഞെടുപ്പുകളാണ് ഇസ്രാഈലില്‍ നടന്നത്. മാര്‍ച്ചില്‍ നടന്ന അവസാന തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും സഖ്യത്തിനും ഭൂരിപക്ഷം നേടാനാകാതായതോടെയാണു നെതന്യാഹുവിനെ പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യം ചേര്‍ന്നത്.

എട്ട് പ്രതിപക്ഷകക്ഷികള്‍ ചേര്‍ന്നുള്ള സഖ്യമാണ് അധികാരത്തിലേറുന്നത്. ഈ സഖ്യത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും തീവ്ര മതവാദികളും മതേതരവാദികളുമുണ്ട്. സഖ്യത്തിലെ പാര്‍ട്ടികളില്‍ ചിലര്‍ സ്വതന്ത്ര ഫലസ്തീനെ പിന്തുണക്കുന്നവരും മറ്റു ചിലര്‍ അതിശക്തമായി എതിര്‍ക്കുന്നവരുമാണ്.

പ്രധാനമന്ത്രി പദവി പങ്കിടാനാണു സഖ്യത്തിന്റെ തീരുമാനം. തീവ്ര വലതുപക്ഷ നേതാവ് നഫ്താലി ബെന്നറ്റിനെയാണു പുതിയ ഇസ്രാഈല്‍ പ്രധാനമന്ത്രിയായി പ്രതിപക്ഷ സഖ്യം നിര്‍ദ്ദേശിച്ചത്. തീവ്ര ജൂതമതവാദിയായ നഫ്താലി ബെന്നറ്റ് നേരത്തെ ആഭ്യന്തരം, ധനകാര്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു.

ബെന്നറ്റിന് ശേഷം രണ്ടാം ടേമില്‍ മുന്‍ പ്രതിപക്ഷ നേതാവായിരുന്ന യെര്‍ ലാപിഡ് പ്രധാനമന്ത്രിയാകും. ഇതോടെ 12 വര്‍ഷം നീണ്ടുനിന്ന ബെഞ്ചമിന്‍ നെതന്യാഹു ഭരണത്തിന് അന്ത്യമാകും.

തെരഞ്ഞെടുപ്പു തട്ടിപ്പ് ആരോപിച്ച നെതന്യാഹുവിന് മറുപടിയുമായി നഫ്താലി ബെന്നറ്റ് രംഗത്തെത്തിയിരുന്നു. “മിസ്റ്റര്‍. നെതന്യാഹു, ദയവ് ചെയ്ത് ഇറങ്ങിപ്പോകുമ്പോള്‍ എല്ലാം ഇങ്ങനെ വഷളാക്കരുത്! ഞങ്ങളെല്ലാവരും, ഈ രാജ്യം മുഴുവനും നിങ്ങള്‍ അധികാരത്തിലുണ്ടായിരുന്ന സമയത്ത് ചെയ്ത നല്ല കാര്യങ്ങള്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. പിന്നെ, ഏത് പൗരനും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശമുണ്ട്, നിങ്ങള്‍ അതിന്റെ നേതാവായില്ലെങ്കിലും. ഇക്കാര്യമൊന്നു മനസ്സിലാക്കൂ,” നഫ്താലി ബെന്നറ്റ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.