1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2021

സ്വന്തം ലേഖകൻ: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 63 ദിവസത്തിനു ശേഷം ഒരു ലക്ഷത്തില്‍ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 86,498 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 2123 പേര്‍ മരണമടഞ്ഞു. ഇതോടെ ആകെ മരണസംഖ്യ മൂന്നര ലക്ഷം പിന്നിട്ടു. സജീവ രോഗികളുടെ എണ്ണത്തില്‍ ഇന്നലെ 66 ദിവസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഇന്നലെ 1.3 ലക്ഷത്തിനു മുകളില്‍ രോഗമുക്തിയുണ്ട്. മുന്‍ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ 97,907 സജീവ രോഗികള്‍ കുറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. 94 ശതമാനത്തിനു മുകളിലാണ് രോഗമുക്തി നിരക്ക്. ഇന്നലെ 4.61%ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതുവരെ 2,89,96,473 പേര്‍ കോവിഡ് ബാധിതരായപ്പോള്‍ 2,73,41,462 പേര്‍ രോഗമുക്തരായി. 3,51,309 പേര്‍ മരിച്ചു. : 13,03,702 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 23,61,98,726 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ഇന്നലെ 18,73,485 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇതുവരെ 36,82,07,596 ടെസ്റ്റുകള്‍ നടത്തിയെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു.

അതിനിടെ കൊറോണ വൈറസിന്‍റെ മറ്റൊരു വകഭേദം കൂടി
ഇന്ത്യയിൽ കണ്ടെത്തി. B.1.1.28.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. വിദേശത്ത് നിന്ന്‌ എത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കടുത്ത ലക്ഷണങ്ങൾക്ക് ഇടയാക്കാവുന്നതാണ് പുതിയ വകഭേദം. പുതുക്കിയ വാക്സീൻ മാർഗ്ഗനിർദ്ദേശം ഈയാഴ്ച നിലവില്‍ വരും. വാക്സീൻ മുൻഗണന പട്ടിക തയ്യാറാക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നല്‍കുനതാണ് നിർദേശത്തിലെ പ്രധാന മാറ്റം.

രോഗവ്യാപന തോത് കുറഞ്ഞതോടെ യുപിയിൽ സമ്പൂർണ ലോക് ഡൗൺ സർക്കാർ പിൻവലിച്ചു. ഇനി മുതൽ രാത്രി കാല നിരോധനവും, വാരാന്ത്യ നിയന്ത്രണങ്ങളും മാത്രമാണ് ഉണ്ടാകുക. വാരാന്ത്യങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകീട്ട ഏഴ് വരെയാകും നിയന്ത്രണങ്ങൾ. അല്ലാത്ത ദിവസങ്ങളിൽ രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെയാകും രാത്രി കാല നിരോധനം. കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നാണ് സർക്കാർ മുന്നറിയിപ്പ്. ഇളവുകൾ ബുധനാഴ്ച മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും.

അതിനിടെ രാജ്യത്തെ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യമായി വാക്‌സിൻ നൽകാൻ കേന്ദ്ര സർക്കാരിന് 45,000 കോടിയോളം രൂപ ചെലവാകുമെന്ന് റിപ്പോർട്ട്. നേരത്തെ വാക്‌സിനേഷന് വേണ്ടി മാത്രമായി 35,000 കോടി രൂപയാണ് കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ എല്ലാ പൗരന്മാർക്കും കൊറോണ വാക്‌സിൻ സൗജന്യമായി നൽകാൻ തീരുമാനിച്ചതോടെ ഇതിൽ മാറ്റം വരുമെന്നാണ് വിവരം.

പുതുക്കിയ നിയപ്രകാരം വാക്‌സിൻ നിർമ്മാതാക്കളിൽ നിന്നും 75 ശതമാനം വാക്‌സിൻ കേന്ദ്ര സർക്കാർ വാങ്ങും. ഇത് സംസ്ഥാന സർക്കാരുകൾക്ക് സൗജന്യമായി നൽകും. ബാക്കി വരുന്ന 25 ശതമാനം വാക്‌സിൻ സ്വകാര്യ ആശുപത്രികൾക്ക് വാങ്ങി വിതരണം ചെയ്യാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്നാൽ ബജറ്റിൽ പ്രഖ്യാപിച്ചതിലും അധികം ചിലവ് വരുമെന്നാണ് വിലയിരുത്തൽ. 10,000 കോടിയോളം രൂപയുടെ അധിക ചെലവാണ് ഇതിന് ആവശ്യമായി വരിക.

അതോടൊപ്പം വാക്‌സിനേഷൻ പ്രക്രിയ വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ വാക്‌സിനുകൾക്ക് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകാനാണ് തീരുമാനം. ഇതന്റെ ഭാഗമായി റഷ്യയുടെ സ്പുട്‌നിക് v വാക്‌സിന് ഡിസിജിഐ അനുമതി നൽകിക്കഴിഞ്ഞു. സ്പുട്‌നിക് v വാക്‌സിൻ നിർമ്മിക്കാൻ പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനും അനുമതി നൽകിയിട്ടുണ്ട്. ഫൈസർ, മോഡേണ എന്നീ വാക്‌സിനുകൾക്ക് രാജ്യത്ത് ഉടൻ അനുമതി നൽകുമെന്നും ഉന്നത തല ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.