1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2021

സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രാദേശിക കൗൺസിലിൽ മേയറായി മറ്റൊരു മലയാളി കൂടി. ബ്രിട്ടനിലേക്കു കുടിയേറിയ മലയാളിയായ സുശീല ഏബ്രഹാമാണ് റോയൽ ബറോ ഓഫ് കിംങ്സറ്റൺ അപോൺ തേംസിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. കിംങ്സ്റ്റണിലെ സർബിട്ടണിൽ താമസിക്കുന്ന പ്രമുഖ സോളിസിറ്റർ കൂടിയായ സുശീല ഏബ്രഹാം, ബാരിസ്റ്റർ ഡോ. മാത്യു ഏബ്രാഹാമിന്റെ ഭാര്യയാണ്. ഇക്കുറി ബ്രിട്ടനിലെ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ സുശീല ഉൾപ്പെടെ നാല് മലയാളികളാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഒരാൾ പിന്നീട് നോമിനേഷനിലൂടെയും കൗൺസിലറായി. ഇവരിൽനിന്നും മേയറായി തിരഞ്ഞെടുക്കപ്പെടാൻ ഭാഗ്യം ലഭിച്ചത് സുശീലയ്ക്കു മാത്രമാണ്. ലൌട്ടൺ സിറ്റി കൗൺസിലേക്ക് മൂന്നാംവട്ടവും സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ട മുൻ മേയർ ഫിലിപ്പ് ഏബ്രഹാം, ബേസിൻ സ്റ്റോക്കിൽനിന്നും ലേബർ ടിക്കറ്റിൽ ജയിച്ച സജീഷ് ടോം, ഹാംഷെയറിൽനിന്നും ടോറി ടിക്കറ്റിൽ ജയിച്ച അജി പീറ്റർ എന്നിവരാണ് മറ്റ് മലയാളി കൗൺസിലർമാർ.

ഇവർക്കൊപ്പം മിൽട്ടൺ കെയിൻസിലെ ഫ്ലിറ്റ് വിക്ക് കൗൺസിലിലേക്ക് കോ- ഓപ്റ്റ് ചെയ്യപ്പെട്ട അശ്വിൻ ചാക്കോ എന്ന യുവ എൻജിനീയറും ബ്രിട്ടനിലെ മലയാളികളുടെ അഭിമാനമായി മാറി. കെന്റിലെ ജില്ലിംങ്ങാമിൽ താമസിക്കുന്ന പന്തളം മുടിയൂർക്കോണം തെക്കടത്ത് പുത്തൻവീട്ടിൽ മാത്യു ചാക്കോയുടെയും ശോശാമ്മയുടെയും മകനാണ് ചെറുപ്രായത്തിലെ തന്നെ കൌൺസിലർ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട അശ്വിൻ ചാക്കോ.

ബ്രിട്ടീഷ് പ്രാദേശിക കൗൺസിലുകളിൽ ഇതിനു മുമ്പും നിരവധി മലയാളികൾ മേയർമാരായി സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. പ്രമുഖ സാഹിത്യകാരികൂടിയായ ഓമന ഗംഗാധരൻ ന്യൂഹാമിലും, തിരുവന്തപുരം സ്വദേശിയായ മഞ്ജു ഷാഹുൽ ഹമീദ് ക്രോയിഡണിലും, ഫിലിപ്പ് ഏബ്രഹാം ലൌട്ടൺ സിറ്റി കൗൺസിലിലും, കാഞ്ഞിരപ്പള്ളി സ്വദേശിയായ ടോം ആദിത്യ ബ്രിസ്റ്റോളിലെ ബ്രാ‍ഡ്‌ലി സ്റ്റോക്കിലും മേയർമാരായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.