
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര മാധ്യമങ്ങളുടെ വെബ് സൈറ്റുകൾ ഒരുമിച്ച് നിലച്ചു. ദി ഗാർഡിയൻ, സിഎൻഎൻ, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളാണ് ഒരുമിച്ച് പ്രവർത്തനരഹിതമായത്. ആമസോൺ, പിന്ററസ്റ്റ്, എച്ച്ബിഒമാക്‌സ്, സ്‌പോട്ടിഫൈ എന്നീ ആപ്പുകളുടേയും പ്രവർത്തനം നിലച്ചിരുന്നു. അതേസമയം മറ്റ് അന്താരാഷ്ട്ര മാധ്യമങ്ങളായ റോയിറ്റേഴ്‌സ്, അസോസിയേറ്റഡ് പ്രസ് എന്നീ മാധ്യമങ്ങളുടെ സൈറ്റ് ലഭ്യമായിരുന്നു.
ഈ മാധ്യമങ്ങളുടെ സൈറ്റുകളിൽ സർവ്വീസ് ലഭ്യമല്ല എന്ന മെസേജാണ് കാണിച്ചത്. മിനിറ്റുകളോളം ഈ പ്രശ്‌നം നീണ്ടുനിന്നിരുന്നു. തുടർന്ന് ഇത് പ്രവർത്തനക്ഷമമായി. ഇന്റർനെറ്റ് സേവനത്തിൽ വന്ന തകരാറാണ് പ്രശ്‌നത്തിന് കാരണമായതെന്ന് സിഎൻഎൻ അറിയിച്ചു. ഇന്റർനെറ്റ് സർവീസായ ഫാസ്റ്റിലിയിലെ ക്ലൗഡ സെർവർ ഡൗൺ ആയതാണ് വെബ്സൈറ്റുകളുടെ പ്രവർത്തനം നിലയ്ക്കാൻ കാരണമായത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി ഫാസ്റ്റ്ലി വെബ്സൈറ്റിൽ അറിയിച്ചു.
വെബ്സൈറ്റുകൾ വേഗം ലോഡ് ചെയ്യുന്നതിനുള്ള സംവിധാനമാണ് സിഡിഎൻ അഥവാ കണ്ടന്റ് ഡെലിവറി നെറ്റ്‍വർക്ക്. വിവരങ്ങൾ ഉത്ഭവിക്കുന്ന സെർവറും ഉപയോക്താവും തമ്മിലുള്ള അകലം കുറയ്ക്കാനായി ലോകമെമ്പാടുമുള്ള അസംഖ്യം സെർവറുകളുടെ പിന്തുണ ഉറപ്പാക്കുന്നതാണ് രീതി. നിശ്ചലമായ എല്ലാ വെബ്സൈറ്റുകളും ഫാസ്റ്റ്‍ലി എന്ന കമ്പനിയുടെ സിഡിഎൻ ആണ് ഉപയോഗിച്ചിരുന്നത്. കോൺഫിഗറേഷനിൽ വന്ന മാറ്റം ലോകമെങ്ങുമുള്ള ഫാസ്റ്റ്‍ലി സെർവറുകളെ ബാധിച്ചുവെന്നാണ് ഔദ്യോഗിക വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല