
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 6 വരെ സാധാരണ സർവീസ് നടത്തില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ്. നേരത്തെ എയർ ഇന്ത്യ എക്സ്പ്രസ് യുഎഇ സിവിൽ വ്യാമയാന വകുപ്പിനെ ഉദ്ധരിച്ച് ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ വെബ് സൈറ്റിൽ വൈകാതെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുമെന്ന് എമിറേറ്റ്സ് അധികൃതർ പറഞ്ഞു.
നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവർ ബന്ധപ്പെട്ടാൽ സഹായം നൽകുന്നതാണെന്നും അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്നു നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ വിലക്കേർപ്പെടുത്തിയത്. ഇന്ത്യയിൽ നിന്ന് നേരിട്ടും 14 ദിവസത്തിനിടെ ഇന്ത്യയിൽ താമസിച്ചവർക്കും യുഎഇയിലേക്ക് പ്രവേശിക്കാനാകില്ല.
ജൂലായ് ആദ്യവാരത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർ ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ട് യാത്ര പുനഃക്രമീകരിക്കണമെന്ന് എയർഇന്ത്യ എക്സ്പ്രസും അറിയിച്ചിട്ടുണ്ട്. അതേസമയം, യുഎഇ. സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, ബിസിനസുകാർ, ഗോൾഡൻ വിസയുള്ളവർ എന്നിവരെ യാത്രാ വിലക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ യുഎഇ.യിൽനിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല