
സ്വന്തം ലേഖകൻ: ജോര്‍ജ് ഫ്ലോയ്ഡ് വധക്കേസില്‍ യു.എസിലെ മുന്‍ പൊലീസ് ഓഫിസർ ഡെറിക് ഷോവിന് 22.5 വര്‍ഷത്തെ തടവുശിക്ഷ. 2020 മെയ് മാസത്തിൽ യു.എസിലെ മിനിയപ്പലിസ് നഗരത്തില്‍ വെച്ചാണ് കറുത്ത വംശജനായ ജോര്‍ജ് ഫ്ലോയ്ഡിനെ പൊലീസ് വിലങ്ങുവെച്ചു നിലത്തുവീഴ്ത്തി കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നത്.
ഫ്ലോയ്ഡിനെ കഴുത്തിന് മുകളില്‍ കാല്‍മുട്ട് അമര്‍ത്തി പിടിക്കുന്ന ഡെറക്കിന്റെ വീഡിയോ വൈറലായതോടെ വലിയ പ്രതിഷേധത്തിനാണ് അമേരിക്ക സാക്ഷിയായത്. എട്ടുമിനിറ്റും 46 സെക്കന്‍ഡും ഷോവിന്റെ കാല്‍മുട്ടുകള്‍ ഫ്ളോയിഡിന്റെ കഴുത്തിലുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വംശീയ വിവേചനത്തിനെതിരെ ലോകമെമ്പാടുമുള്ള പ്രതിഷേധങ്ങള്‍ക്ക് ജോര്‍ജ് ഫ്ലോയ്ഡ് സംഭവം കാരണമായിരുന്നു.
ജഡ്ജി പീറ്റര്‍ കാഹിലാണ് ശിക്ഷ വിധിച്ചത്. അധികാരസ്ഥാപനത്തിന്റെ ദുരുപയോഗമാണ് ഒരാളുടെ മരണത്തിന് ഇടയാക്കിയത്. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. വികാരത്തിനും സഹതാപത്തിനും ഇവിടെ സ്ഥാനമില്ലെന്ന് 22 പേജുള്ള വിധിന്യായത്തില്‍ ജഡ്ജി പറഞ്ഞു.ശിക്ഷ വിധിക്ക് മുമ്പ് ഡെറിക് മരിച്ച ജോര്‍ഡ് ഫ്ലോയ്ഡിന്റെ കുടുംബത്തോട് അനുശോചനം അറിയിച്ചു.
ഡെറിക് ഷോവിന്റെ മാതാവിന്റെ ഭാഗം കൂടി കേട്ടതിന് ശേഷമാണ് ജഡ്ജി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഏപ്രിലിലാണു ഷോവിന് കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്. വിധിക്കെതിരെ 90 ദിവസത്തിനകം ഷോവിന് അപ്പീൽ നൽകാം. ഷോവിന്റെ ശിക്ഷാവിധിക്കിടെ, ജോര്‍ജ് ഫ്ളോയിഡിന്റെ ഏഴു വയസ്സുകാരിയായ മകള്‍ കോടതിയില്‍ നല്കിയ വിഡിയോ സന്ദേശം ലോകത്തെയാകെ കണ്ണീരിലാഴ്ത്തുകയാണ്.
ഇരകള്‍ നേരിട്ട മാനസികാഘാതം കോടതിയെ അറിയിക്കുന്നതിന്റെ ഭാഗമായാണ് ജോര്‍ജ് ഫ്ളോയിഡിന്റെ ഏഴു വയസ്സുകാരിയായ മകള്‍ ജിയാന്ന ഫ്ളോയിഡ് സംസാരിച്ചത്. “അച്ഛനെ ഞാന്‍ എന്നും മിസ് ചെയ്യുന്നു. അച്ഛന് ഇവിടെ ഉണ്ടായിരുന്നെങ്കില്‍ അത്രയേറെ സ്നേഹിക്കുന്നുവെന്ന് ഞാന്‍ പറയുമായിരുന്നു. അച്ഛനെ ഒരിക്കല്‍ കൂടി കാണാന്‍ കഴിഞ്ഞെങ്കില്‍. അച്ഛനോടൊപ്പം കളിക്കാനും നടക്കാന്‍ പോവാനും കഴിഞ്ഞെങ്കില്‍,“ ഏഴു വയസുകാരിയുടെ വാക്കുകളില്‍ ദു:ഖം നിറയുന്നു.
എങ്ങനെയാണ് എന്റെ അച്ഛന് പരിക്കേറ്റതെന്നും ഏഴുവയസുകാരി ജിയാന ചോദിക്കുന്നു. ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചും പല്ലു തേക്കാന്‍ സഹായിക്കുന്നതിനെ കുറിച്ചും ജിയാന്ന പറയുന്നു. അച്ഛന്റെ ആത്മാവ് തന്നോടൊപ്പമുണ്ട്. ഒരിക്കല്‍ കൂടി അച്ഛനെ കാണാന്‍ ആഗ്രഹമുണ്ടെന്നും രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ജിയാന്ന പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല